
മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്ക്രീനുകൾ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ കമ്മീഷണർ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റർ വർക്കിന്റെ പിന്നിലും. 4K യിൽ ഡോൾബി അറ്റ്മോസിലാണ് കമ്മീഷണർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെയാണ് റീ മാസ്റ്ററിങ് ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുന്നത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ. ചിത്രത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
വളരെ വ്യത്യസ്ഥമായി ഫോർ കെ ആക്കുന്നതിൻ്റെ ബിഫോർ ആഫ്റ്റർ വെർഷൻ ആയിട്ടാണ് ടീസർ ഇറങ്ങിയിരിക്കുന്നത്. 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താര പദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ.
ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു. സംഗീതം - രാജാമണി, ഛായാഗ്രഹണം -ദിനേശ് ബാബു, എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ 4k റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വി എ മെല്ലി വി എ, ലൈസൺ ടി.ജെ. ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ.ടി.,ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ് ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ പി ആർ ഓ ഐശ്വര്യ രാജ്.
Content Highlights: Commissioner re release teaser out now