
ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം ആയിട്ടാണെങ്കില്‍ ടോള്‍ ഫീയുടെ ഇരട്ടി നല്‍കുന്നത് തുടരും.
നേരത്തെ പണമായി ടോള്‍ നല്‍കുന്നവരും യുപിഐ ഇടപാടുകാരും ഇരട്ടിത്തുക നല്‍കേണ്ടിയിരുന്നു. നവംബര്‍ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും. നാഷണല്‍ ഹൈവേയ്‌സ് ഫീ റൂള്‍സിലാണ് ഭേദഗതി വരുത്തിയത്. ഉദാഹരണമായി 100 രൂപയാണ് ടോള്‍ ഫീ എങ്കില്‍ പണമായിട്ടാണ് തുക നല്‍കുന്നതെങ്കില്‍ 200 രൂപ നല്‍കേണ്ടതായി വരും. എന്നാല്‍ യുപിഐ ഇടപാട് ആണെങ്കില്‍ 125 രൂപ അടച്ചാല്‍ മതിയാകും.
ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഒപ്പം ടോള്‍ പ്ലാസകളില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കുന്നതും ഒഴിവാക്കാം. ഇപ്പോഴും ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പണമിടപാടിനേക്കാള്‍ ലാഭമായിരിക്കും യുപിഐ ഇടപാടുകള്‍.
Content Highlights: Non-FASTag vehicles paying via UPI to face 1.25x fee from November 15