കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ മുൻ എസ്എച്ച്ഒ ഷാജഹാന് കണ്‍ട്രോള്‍ റൂമിൽ നിയമനം

രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എന്തിനാണ് കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ടുവന്നതെന്നാണ് കോടതി അന്ന് ചോദിച്ചത്

കെഎസ്‌യു പ്രവര്‍ത്തകരെ  മുഖംമൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ മുൻ എസ്എച്ച്ഒ ഷാജഹാന് കണ്‍ട്രോള്‍ റൂമിൽ നിയമനം
dot image

തൃശൂര്‍: വടക്കാഞ്ചേരിയിൽ കെഎസ് യു പ്രവർത്തകരെ മുഖംമൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ സ്ഥലം മാറ്റിയ എസ്എച്ച്ഒ യുകെ ഷാജഹാന് പുതിയ ചുമതല നൽകി. താനൂർ കണ്ട്രോൾ റൂമിലേക്കാണ് സ്ഥലംമാറ്റം. സംഭവത്തിൽ ഷാജഹാനെ കഴിഞ്ഞ മാസം സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും പുതിയ നിയമനം നൽകിയിരുന്നില്ല. ഷാജഹാനു വീഴ്ച പറ്റിയെന്ന് അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി എസ്എച്ച്ഒ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. സംഭവത്തിൽ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജില്ലാ പൊലീസ് മേധാവി വഴി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റ നടപടി.

തൃശൂരിലെ മുളളൂര്‍കരയില്‍ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയതാണ് വിവാദമായത്. ഓഗസ്റ്റ് 19-നായിരുന്നു സംഭവം. കെഎസ്‌യു നേതാക്കളെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ മുഖം മറച്ച്, വിലങ്ങണിയിച്ചായിരുന്നു ഷാജഹാന്‍ കൊണ്ടുവന്നത്. ഇതിനെ കോടതിയും വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എന്തിനാണ് കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ടുവന്നതെന്നാണ് കോടതി അന്ന് ചോദിച്ചത്.

കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് കെഎസ്‌യു പ്രതിഷേധം നടത്തിയിരുന്നു. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു കെഎസ്‌യുക്കാരെ മുഖംമൂടി ധരിപ്പിച്ച് ഹാജരാക്കിയ സംഭവവും നടന്നത്.

Content Highlights: Former SHO Shahjahan, who made KSU workers wear masks, appointed to the control room

dot image
To advertise here,contact us
dot image