സ്വർണപ്പാളി വിവാദം, എൽഡിഎഫ് പിന്തുണ; എൻഎസ്എസ് വിളിച്ച അടിയന്തരയോഗം മാറ്റിവെച്ചു

ശബരിമലയിലെ സ്വർണപ്പാളി സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്

സ്വർണപ്പാളി വിവാദം, എൽഡിഎഫ് പിന്തുണ; എൻഎസ്എസ് വിളിച്ച അടിയന്തരയോഗം മാറ്റിവെച്ചു
dot image

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാള്ളി വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി എൻഎസ്എസ് വിളിച്ച അടിയന്തരയോഗം മാറ്റി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും അടിയന്തരയോഗം വിളിച്ചത്. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ചില യൂണിയൻ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് യോഗം ചേരാനായിരുന്നു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംബന്ധിച്ച് എടുത്ത നിലപാടുകൾ സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം എൻഎസ്എസ് പ്രതിനിധികൾ പങ്കെടുത്ത പ്രതിനിധി സഭ പെരുന്നയിൽ ചേർന്നിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ പിന്തുണയിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് ജി സുകുമാരൻ നായർ സ്വീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പമ്പയിൽ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പ സം​ഗമത്തിന് പിന്തുണ അർപ്പിച്ച ജി സുകുമാരൻനായർ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന നിലപാട് സ്വീകരിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നാലെ ഉയര്‍ന്നത്. കരയോഗങ്ങളിലടക്കം അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്ർന്നിരുന്നു. എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞ സുകുമാരൻ നായർ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നാണ് ആവർത്തിച്ചത്.

എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് പറഞ്ഞ അദ്ദേഹം നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കുമെന്നും പറഞ്ഞിരുന്നു.
അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Content Highlights: NSS members emergency meeting tomorrow

dot image
To advertise here,contact us
dot image