'അത് ഒട്ടും പ്രായോഗികമല്ല'; രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതില്‍ അഗാര്‍ക്കര്‍

'ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നില്ലെങ്കില്‍ പോലും രോഹിത്തിനെ മാറ്റുകയെന്ന തീരുമാനമെടുക്കുക പ്രയാസമാവുമായിരുന്നു'

'അത് ഒട്ടും പ്രായോഗികമല്ല'; രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതില്‍ അഗാര്‍ക്കര്‍
dot image

ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന, ടി20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ഇന്ത്യന്‍ ടീമിനെ ഏകദിനത്തില്‍ നയിക്കുക.

ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് സൂപ്പര്‍ താരം രോഹിത് ശര്‍മയെ മാറ്റിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. 2027 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ക്യാപ്റ്റന്‍സി മാറ്റമെന്നാണ് അഗാര്‍ക്കറുടെ വിശദീകരണം. രോഹിത്തിനെ മാറ്റുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്ന് പറഞ്ഞ അഗാര്‍ക്കര്‍ മൂന്ന് ഫോര്‍മാറ്റുകളിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ വെക്കുന്നത് പ്രായോഗികമായി സാധ്യമല്ലെന്നും പറഞ്ഞു.

'മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ വെക്കുന്നത് പ്രായോഗികമായി അസാധ്യമായ കാര്യമാണ്. ഏകദിന ലോകകപ്പ് രണ്ട് വര്‍ഷം മാത്രം അകലെയാണ്. ഇപ്പോള്‍ ഏറ്റവും കുറവ് കളിച്ചുകൊണ്ടിരിക്കുന്ന ഫോര്‍മാറ്റുകൂടിയാണത്. അതുകൊണ്ടുതന്നെ അടുത്തതായി വരുന്ന ക്യാപ്റ്റന് സ്വയം തയ്യാറെടുക്കാനോ പദ്ധതികള്‍ രൂപീകരിക്കാനോ ആവശ്യമായ സമയവും മത്സരങ്ങളും ലഭിക്കാതെ വരും', അഗാര്‍ക്കര്‍ പറഞ്ഞു.

'ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നില്ലെങ്കില്‍ പോലും രോഹിത്തിനെ മാറ്റുകയെന്ന തീരുമാനമെടുക്കുക പ്രയാസമാവുമായിരുന്നു. പക്ഷേ ടീമിന് എന്താണ് നല്ലതെന്നാണ് നമ്മള്‍ നോക്കേണ്ടത്. ഏകദിന ക്രിക്കറ്റില്‍ കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നമ്മള്‍ അധികം ഏകദിന മത്സരങ്ങള്‍ കളിക്കാറില്ല. അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റന് ടീമിനെ നയിക്കാനും ആത്മവിശ്വാസം നേടാനുമുള്ള അവസരം നല്‍കണം', അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Ajit Agarkar explains Shubman Gill replacing Rohit Sharma as Indian ODI Captain

dot image
To advertise here,contact us
dot image