
തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കി. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തു.
രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് കമ്പനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Coldrif cough syrup Ban in Kerala and othe 3 states