
ഇറ്റലിയിലെ ടസ്കാനി തീരത്തുള്ള തുറമുഖ നഗരമായ ലിവോർണോയിലേയ്ക്ക് ഈ ആഴ്ച ഒരു ഇസ്രയേലി കപ്പൽ എത്തി. എന്നാൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയും ഉച്ചത്തിൽ ഹോണുകൾ അടിച്ചുമായിരുന്നു ഇവിടുത്തെ തൊഴിലാളികൾ ഈ കണ്ടെയ്നർ കപ്പലിനെ സ്വീകരിച്ചത്. 'ഞങ്ങൾക്ക് നിങ്ങളെ വേണ്ട' എന്നായിരുന്നു ഡോക്കർമാർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയത്. കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. ഗാസയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുപണിമുടക്കിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ഈ കപ്പലിൽ നിന്ന് ചരക്ക് ഇറക്കാനോ കയറ്റാനോ സമ്മതിച്ചില്ല. ഒടുവിൽ തൊഴിലാളി പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങിയ കപ്പൽ അടുത്ത ലക്ഷ്യകേന്ദ്രങ്ങളായ അമേരിക്കയിലേയ്ക്കും കാനഡയിലേയ്ക്കും നീങ്ങി. ലിവോർണ തുറമുഖത്ത് മാത്രം സംഭവിച്ചതല്ല ഈ കാഴ്ച. ഇറ്റലിയിലെ പ്രധാന തുറമുഖങ്ങളായ ജെനോവ, ട്രൈസ്റ്റെ, റാവെന്ന. സലെർണോ, ടരന്റോ എന്നിവിടങ്ങളിലെല്ലാം തൊഴിലാളികൾ സമാനമായ സമരമുഖം തുറന്നിരുന്നു. ഇസ്രയേലിന് ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ ഇവിടങ്ങളിലെല്ലാം തടയുന്നതിൽ തൊഴിലാളികൾ വിജയിച്ചുവെന്നാണ് റിപ്പോർട്ട്. ഈ നിലയിൽ സമീപകാലത്തൊന്നും യൂറോപ്പ് കാണാത്ത അത്രയും ശക്തമായ തൊഴിലാളി സമരങ്ങളും പ്രതിഷേധങ്ങളുമാണ് ഗാസയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ നടക്കുന്നത്.
ഹൃദയത്തിൽ ഫുട്ബോൾ വികരം അലിഞ്ഞ് ചേർന്ന ഇറ്റലിക്കാർ അവരുടെ ദേശീയ ടീമിൻ്റെ പരിശീലന കേന്ദ്രത്തിൻ്റെ കവാടത്തിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിനും ഈ ദിവസങ്ങൾ സാക്ഷിയായി. ഇസ്രയേലിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം ഇറ്റാലിയൻ ടീം കളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഫ്ലോറൻസിൽ ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലന കേന്ദ്രത്തിന്റെ കവാടത്തിലേയ്ക്കായിരുന്നു പ്രതിഷേധം ഇരമ്പിയെത്തിയത്. 'നമുക്ക് ചെറുത്ത് നിൽപ്പിലൂടെ സണയണിസത്തെ തടയാം' എന്ന ബാനർ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാർ ഇവിടെയെത്തിയത്. ഒക്ടോബർ 14ന് ഉഡിനിൽ വെച്ചാണ് ആതിഥേയരായ ഇറ്റലി ഇസ്രായേലിനെതിരെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കേണ്ടത്. പ്രതിഷേധം നടക്കുമ്പോൾ ഇറ്റാലിയൻ ദേശീയ ടീമിലെ കളിക്കാർ ഫ്ലോറൻസിലെ കവർസിയാനോ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല. ഇസ്രയേലിനെ സസ്പെൻഡ് ചെയ്യാൻ യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ(യുഫേവ) ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇറ്റലിയിലെ പ്രതിഷേധം.
ഈ നിലയിൽ ഗാസയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീനികളോട് അനുഭാവം അർപ്പിച്ച് ഇറ്റലി തിളച്ച് മറിയുകയാണ്. ഫ്‌ളോട്ടിലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഏറ്റവും ഒടുവിൽ ഒക്ടോബർ മൂന്നിന് ഇറ്റാലിയൻ തൊഴിലാളി യൂണിയനുകൾ പൊതു പണിമുടക്ക് നടത്തിയത്. നേരത്തെ സെപ്റ്റംബർ അവസാനവും ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിൽ തൊഴിലാളികൾ പൊതുപണിമുടക്കും പ്രതിഷേധവും നടത്തിയിരുന്നു. ഈ തൊഴിലാളി സമരങ്ങളുടെ ചൂട് ഇറ്റലിയെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി ജോർജിയ മെലോണി നടത്തിയ പ്രതികരണം മാത്രം എടുത്താൽ മതി. 'ഇതെല്ലാം പലസ്തീൻ ജനതയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. മറുവശത്ത്, ഇറ്റാലിയൻ ജനതയ്ക്ക് ഇത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നത്' എന്നായിരുന്നു ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാലിയൻ തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിനോടുള്ള മെലോണിയുടെ പ്രതികരണം. ഒരു പടികൂടി കടന്ന് തൻ്റെ സർക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് ഗാസയുടെ പേരിൽ ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ മെലോണി വിശേഷിപ്പിച്ചത്.
തൊഴിലാളികളുടെ പണിമുടക്കും പ്രതിഷേധങ്ങളും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ജോർജിയോ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാരിന് മേൽ ചെലുത്തുന്ന സമ്മർദ്ദം ചെറുതല്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തൊഴിലാളി സമരങ്ങളെയും പ്രതിഷേധങ്ങളെയും സർക്കാരിനെതിരായ രാഷ്ട്രീയ നീക്കം എന്ന നിലയിലാണ് മെലോണി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഫ്ലോട്ടിലയെ ഇസ്രയേൽ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങളെയും സർക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് മെലോണി വിശദീകരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആക്ടിവിസ്റ്റുകളെ ഉൾപ്പെടുത്തിയ മാനുഷിക ദൗത്യമായിട്ടും അതിൻ്റെ പേരിൽ തന്റെ സർക്കാരിന് 'പ്രശ്നങ്ങൾ സൃഷ്ടിക്കുക' മാത്രമാണ് ലക്ഷ്യമെന്നാണ് മെലോണിയുടെ വാദം. രാഷ്ട്രീയമായി ആസൂത്രണം ചെയ്തതാണ് സമരം എന്ന് ആരോപിച്ച മെലോണി 'വിപ്ലവത്തിന്റെ വേഷം ധരിച്ച ഒരു നീണ്ട വാരാന്ത്യം' എന്ന് തൊഴിലാളി സമരത്തെ പരിഹസിക്കുകയും ചെയ്തു.
ഫ്ലോട്ടിലയെ ഇസ്രയേൽ തടഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയിലെ തൊഴിലാളി യൂണിനുകൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. യൂറോപ്പിൻ്റെ വിവിധയിടങ്ങളിൽ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാണെങ്കിലും ഇറ്റലിയിൽ അത് ഏറ്റവും വർദ്ധിത രൂപത്തിലാണ് നടന്നത്. എന്തായാലും തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഇറ്റലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ജോർജിയ മെലോണിയുടെ തീവ്ര വലതുപക്ഷ ഗവൺമെന്റിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇറ്റാലിയൻ തുറമുഖങ്ങൾ വഴി ഇസ്രയേലിന് ആയുധമെത്തിക്കാനുള്ള നീക്കം ഡോക്കർമാർ തടയുന്നതും മെലോണി സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏതാണ്ട് രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഒക്ടോബർ 3ന് ഇറ്റലിയിൽ പൊതുപണിമുടക്കിൽ അണിനിരന്നത്. ഇറ്റലിയിലെ പ്രധാനപ്പെട്ട നൂറിലധികം നഗരങ്ങളിൽ പൊതുമണിക്ക് നടന്നതായാണ് തൊഴിലാളി യൂണിയനായ CGIL വ്യക്തമാക്കുന്നത്. റോമിലെ തെരുവുകളിലൂടെ മാത്രം മൂന്ന് ലക്ഷത്തോളം ആളുകൾ പ്രതിഷേധ മാർച്ചിൽ അണിനിരന്നതായാണ് കണക്ക്. മറ്റൊരു പ്രധാനനഗരമായ മിലാനിൽ നടന്നപ്രതിഷേധ റാലിയിൽ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് അണിനിരന്നത്. പൊതു പണിമുടക്കിലെ ദേശീയ ശരാശരി പങ്കാളിത്തം ഏകദേശം 60 ശതമാനം ആയിരുന്നതായാണ് കണക്ക്. ഗതാഗതം, സ്കൂളുകൾ എന്നിവയുൾപ്പെടെ പണിമുടക്കിൽ സ്തംഭിച്ചിരുന്നു.
ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെപ്തംബർ മാസത്തിൻ്റെ അവസാന ആഴ്ചയും ഇറ്റലിയിൽ രാജ്യ വ്യാപക തൊഴിലാളി പണിമുടക്ക് നടന്നിരുന്നു. ഗാസയിൽ പലസ്തീനികളെ കൂട്ടക്കുരുതി ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളുമാണ് തിങ്കളാഴ്ച ഇറ്റലിയിൽ ഉടനീളം അരങ്ങേറിയിരുന്നു. ഗാസയിൽ പലസ്തീനികൾക്കെതിരായ യുദ്ധത്തിൽ ഇസ്രായേലിന് ആയുധങ്ങളും മറ്റ് സാധനങ്ങളും കൈമാറുന്നതിനുള്ള ഇടമായി ഇറ്റലിയെ ഉപയോഗിക്കുന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധിക്കുമെന്ന് ആ ഘട്ടത്തിൽ തന്നെ ഡോക്കിംഗ് തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. തെക്കൻ നഗരമായ നേപ്പിൾസിൽ തൊഴിലാളികൾ പ്രധാന റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതും വാർത്തയായിരുന്നു. പ്രതിഷേധക്കാർ ചിലർ ട്രാക്കിൽ കയറുകയും കുറച്ച് നേരത്തേയ്ക്ക് ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. ഇറ്റലിയിലെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് അന്നും സ്കൂളുകൾ അടക്കുകയും പ്രതിഷേധം പൊതുഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു.
Content Highlights: Workers in Italy joined a general strike on Friday in solidarity with the people of Gaza