
കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക മൂവാറ്റുപുഴ മുന്‍സിഫ് കോടതി റദ്ദാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലാണ് കോടതിയുടെ നടപടി. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലാല്‍ ജമാലിന്റെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ കോടതിച്ചെലവ് നല്‍കണമെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിട്ടു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ ആബിദ് അലി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആബിദ് അലിയെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയായിരുന്നു നടപടി. അഭിഭാഷകന്‍ കൂടിയായ ആബിദ് അലി ഹര്‍ജിക്കാരനായ ലാല്‍ ജമാലിന് വേണ്ടി മുന്‍സിഫ് കോടതിയില്‍ ഹാജരായി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്. മൂന്നര ലക്ഷത്തിലധികം വോട്ടുകള്‍ ചേര്‍ത്തെന്നായിരുന്നു ലഭിച്ച വിവരം.
Content Highlights: Youth Congress fake ID Card court cancels state primary membership list