രണ്ടാം ദിനം മൂന്ന് സെഞ്ച്വറികള്‍; വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്‌

വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി

രണ്ടാം ദിനം മൂന്ന് സെഞ്ച്വറികള്‍; വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്‌
dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. അഹമ്മദാബാദിലെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തു. നിലവിൽ ഇന്ത്യയ്ക്ക് 286 റണ്‍സിന്റെ ലീഡുണ്ട്.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. കെ എല്‍ രാഹുല്‍ (100), ധ്രുവ് ജുറല്‍ (125) എന്നിവയ്ക്ക് പുറമെ രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു. 176 പന്തിൽ പുറത്താകാതെ 104 റൺസെടുത്ത ജഡേജയ്‌ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍ (9) ക്രീസിലുണ്ട്. വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

2 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 94 പന്തുകള്‍ നേരിട്ട് ഗില്‍ 50 റണ്‍സെടുത്താണ് പുറത്തായത്. വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സാണ് ​ഇന്ത്യൻ ക്യാപ്റ്റനെ മടക്കിയത്. സെഞ്ച്വറി തികച്ച ഓപ്പണർ കെ എൽ‌ രാഹുൽ ഉച്ച ഭക്ഷണത്തിനു പിന്നാലെ പുറത്തായി. താരത്തെ ജോമല്‍ വാറിക്കനാണ് മടക്കിയത്.

പിന്നാലെ ക്രീസിലൊരുമിച്ച രവീന്ദ്ര ജഡേജ- ധ്രുവ് ജുറേൽ സഖ്യം ഇന്ത്യൻ‌ സ്കോർ ബോർഡ് ഉയർത്തി. അതിനിടെ ജുറല്‍ സെഞ്ച്വറി തികച്ചു. 210 പന്തുകള്‍ നേരിട്ട ജുറല്‍ 125 റണ്‍സെടുത്താണ് മടങ്ങിയത്. ജുറലിന് പിന്നാലെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ക്രീസിലെത്തിയത്. വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ് 2 വിക്കറ്റുകള്‍ വീഴ്ചത്തി. ജയ്ഡന്‍ സീല്‍സ്, ജോമല്‍ വാറിക്കന്‍, ഖരി പിയറെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Content Highlights: IND vs WI: Ravindra Jadeja hits century, India lead by 286 runs at stumps

dot image
To advertise here,contact us
dot image