'ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല'; സ്വർണപ്പാളി വിവാദത്തിൽ എംവി ഗോവിന്ദൻ

ശബരിമല ദ്വാരപാലക ശില്‍പ്പം കാണാതായെന്ന് ആരോപിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

'ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല'; സ്വർണപ്പാളി വിവാദത്തിൽ എംവി ഗോവിന്ദൻ
dot image

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം നടക്കുകയാണെന്നും ഫലപ്രദമായ ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'ആരാണോ അതിനുത്തരവാദി, അത് അന്വേഷണത്തിലൂടെ കണ്ടെത്തണം. ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല. ഫലപ്രദമായ അന്വേഷണം നടക്കണം. ശബരിമല ദ്വാരപാലക ശില്‍പ്പം കാണാതായെന്ന് ആരോപിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണം നടക്കുന്നുണ്ട്. ഫലപ്രദമായ അന്വേഷണം നടത്തണം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിരവധി ചെയ്തികളെപ്പറ്റി വാര്‍ത്തകളിലൂടെയാണ് അറിയുന്നത്': എംവി ഗോവിന്ദന്‍ പറഞ്ഞു.

നേരറിയാന്‍ സിബിഐ വരണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സിബിഐ തന്നെ നേരറിയുന്നില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടില്ലേ, കോടതി പറയുന്നത് അനുസരിച്ച് ഏത് അന്വേഷണവുമാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷിക ദിനം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചുവെന്നും എല്ലാ മതവാദികളെയും തുറന്നുകാണിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പുത്തന്‍ ഫാസിസത്തിലേക്കുളള വഴിയാണെന്നും ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

'യുഡിഎഫ് അധികാര രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നു. ശക്തമായ മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമിക്ക് പിന്തുണ നല്‍കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ്. രണ്ട് വര്‍ഗീയ ശക്തികളെയും എതിര്‍ത്തു മാത്രമേ ഭരണഘടന സംരക്ഷിക്കാനാവൂ': എംവി ഗോവിന്ദന്‍ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അപമാനിക്കുകയാണെന്നും കേരള ജനതയോട് കാണിക്കുന്ന വിവേചനത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: mv govindan about sabarimala gold plate controversy

dot image
To advertise here,contact us
dot image