'എയിംസ് ആലപ്പുഴയില്‍ വേണം'; പ്രമേയവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാകമ്മിറ്റി

എം ടി രമേശ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്

'എയിംസ് ആലപ്പുഴയില്‍ വേണം'; പ്രമേയവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാകമ്മിറ്റി
dot image

ആലപ്പുഴ: എയിംസിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത മുറുകവെ പ്രമേയവുമായി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ പക്കലുള്ള അധികഭൂമി ഏറ്റെടുത്ത് എയിംസ് സ്ഥാപിക്കാന്‍ കൈമാറണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം ടി രമേശ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

കഴിഞ്ഞ 11 വര്‍ഷക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടരുന്ന ഇടത് ദുര്‍ഭരണം കേരളത്തിന്റെ പൊതുരംഗത്തെ തകര്‍ത്തു. ആലപ്പുഴ ജില്ലയുടെ സമസ്ത മേഖലയേയും തകര്‍ത്തുവെന്നും യോഗം വിലയിരുത്തി. അതേസമയം എയിംസ് കേരളത്തില്‍ എവിടെ വന്നാലും സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റികള്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും എന്നുമാണ് എം ടി രമേശ് പ്രതികരിച്ചത്.

എയിംസ് ആലപ്പുഴയിലോ തൃശൂരിലോ വേണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇത് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലോ തൃശൂരിലോ അത് നടന്നില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ നിലപാടിനെ പാടേ തള്ളിയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ രംഗത്തുവന്നത്. സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്.

എയിംസ് തിരുവനന്തപുരത്ത് വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാസര്‍കോട് വേണമെന്ന് ജില്ലാ നേതൃത്വം ആവശ്യമുന്നയിക്കുന്നുണ്ട്. ഇതോടെ എയിംസ് വിഷയത്തില്‍ വെട്ടിലായിരിക്കയാണ് ബിജെപി.

Content Highlights: AIMS Controversy BJP Alappuzha South District Committee with a resolution

dot image
To advertise here,contact us
dot image