കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സിടിആര്‍ നിർമ്മൽ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്

കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ക്ക് ജാമ്യമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
dot image

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തളളി. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് (എന്‍ ആനന്ദ്), ജോയിന്റ് സെക്രട്ടറി സിടിആര്‍ നിർമ്മൽ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. ഇരുവരുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പൊലീസിന്റെ മൂന്ന് സ്ക്വാഡുകൾ ഒളിവിലുളള നേതാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുളള പൊലീസിന്റെ നീക്കം. ടിവികെയ്ക്കെതിരെ  ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. അപകട സ്ഥലത്തുനിന്നും ടിവികെ നേതാക്കൾ ഓടിപ്പോയെന്നും അപകടത്തിൽ ടിവികെ ദുഃഖം പ്രകടിപ്പിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടിയവർക്കുനേരെ കണ്ണടയ്ക്കാനാകില്ലെന്നും അപകടം ലോകം മുഴുവൻ കണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു.

കരൂർ ദുരന്തം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.  ഐ ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. സംഘാടകരെന്ന നിലയില്‍ പ്രവര്‍ത്തകരോട് ഉത്തരവാദിത്തമില്ലേ എന്ന് ടിവികെയോട് ഹൈക്കോടതി ചോദിച്ചു. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് ബുസി ആനന്ദ് കോടതിയിൽ പറഞ്ഞിരുന്നു. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുസി ആനന്ദ് വാദിച്ചു. പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്താനാവില്ലെന്നും പരിപാടി നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും ബുസി ആനന്ദ് പറഞ്ഞു.

സെപ്റ്റംബർ 27നാണ്  കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.

Content Highlights: Madras High Court rejects anticipatory bail plea of TVK leaders in Karur Stampede

dot image
To advertise here,contact us
dot image