ഒരു ചെറിയ അശ്രദ്ധ മതി കാര്യങ്ങള്‍ കൈവിട്ടു പോകാന്‍! കഫ് സിറപ്പുകള്‍ കഴിക്കുമ്പോള്‍ ഓര്‍ക്കാം!

ചുമകള്‍ തന്നെ പലവിധമാണ്, അപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ കാര്യവും പറയേണ്ടല്ലോ?

ഒരു ചെറിയ അശ്രദ്ധ മതി കാര്യങ്ങള്‍ കൈവിട്ടു പോകാന്‍! കഫ് സിറപ്പുകള്‍ കഴിക്കുമ്പോള്‍ ഓര്‍ക്കാം!
dot image

മധ്യപ്രദേശിലും രാജസ്ഥാനിലും ചുമയ്ക്കുള്ള മരുന്ന് കുടിച്ച് കൊച്ചുകുട്ടികള്‍ മരിച്ച വിവരം നടുക്കത്തോടെയാണ് രാജ്യം കേട്ടത്. കരിംപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോള്‍ഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചാണ് 11 കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് കണ്‍ഡ്രോളും ഈ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കിഡ്‌നി പ്രശ്‌നങ്ങള്‍ മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മധ്യപ്രദേശില്‍ ഒമ്പത് കുട്ടികള്‍ മരിച്ചപ്പോള്‍ രാജസ്ഥാനില്‍ മരണത്തിന് കീഴടങ്ങിയത് മൂന്ന് കുട്ടികളാണ്. ഒരു പനിയോ അതിനൊപ്പം ഒരു ചുമയോ വന്നാല്‍ ഏതെങ്കിലും കഫ് സിറപ്പ്, അല്ലെങ്കില്‍ സ്ഥിരം പനി ഗുളിക എന്നിവ പരീക്ഷിച്ചില്ലെങ്കില്‍ ഉറക്കംവരാത്ത ചിലര്‍ അറിയാതെ പോകുന്ന കാര്യം നിങ്ങള്‍ സ്വന്തം ആരോഗ്യം തന്നെ നശിപ്പിക്കുകയാണ് എന്നതാണ്. മാത്രമല്ല നിങ്ങള്‍ കാണിക്കുന്ന ഈ മാതൃകയാവും നിങ്ങളെ അനുകരിച്ച് വളരുന്ന അടുത്ത തലമുറയും തുടരുക. ചുമകള്‍ തന്നെ പലവിധമാണ്, അപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ കാര്യവും പറയേണ്ടല്ലോ?

മരുന്നുകളെ കുറിച്ചോ അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചോ സാധാരണ ഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടാകില്ല എന്നതാണ് വസ്തുത. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ന്യൂട്രീഷ്യണിസ്റ്റുമാര്‍ ഇവര്‍ക്കൊക്കെ ഇവയില്‍ എന്ത് അടങ്ങിയിരിക്കുന്നു, ഇവ കഴിക്കേണ്ടതെപ്പോള്‍, എങ്ങനെയെന്ന് നമുക്ക് ഒരു പരിധിവരെ പറഞ്ഞ് തരാന്‍ കഴിയും. ഇതിലും ആളുകള്‍ ഏറ്റവും വിശ്വസിക്കുക ഒരു ഡോക്ടറെ തന്നെയാവുമല്ലേ.. അപ്പോള്‍ മരുന്നുകള്‍ സ്വയം തെരഞ്ഞെടുക്കാനുള്ളതല്ലെന്ന ബോധം നമ്മളിലില്‍ ആദ്യമുണ്ടാവണം.. ഡോക്ടര്‍മാര്‍ കുറിച്ച് തരുന്നതിന് മാത്രം പ്രാധാന്യം കൊടുക്കുക. നിലവില്‍ അത്യാഹിതമുണ്ടായ രാജസ്ഥാനിലും മധ്യപ്രദേശിലും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കിയ മരുന്നാണ് മരണങ്ങള്‍ക്ക് കാരണമായത്. എങ്കിലും നമ്മുടെ ചില ശീലങ്ങളും അപകടം ക്ഷണിച്ചുവരുത്താം.

പല സംയുക്തങ്ങള്‍ അടങ്ങിയ പല വെറൈറ്റി കഫ് സിറപ്പുകളാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭിക്കുക. ഇതില്‍ ചിലത് കുടിച്ചാല്‍ സെഡേഷന്‍ ഉണ്ടാവാന്‍ സാധ്യതയുള്ളവയുമുണ്ട്. ആരോഗ്യകരമായ ശരീരമുള്ളയൊരാള്‍ക്കും പെട്ടെന്ന് പനിയും ചുമയുമൊക്കെ വരാം. അപ്പോഴും നിങ്ങള്‍ കഴിക്കേണ്ട മരുന്ന് നിങ്ങളുടെ ജോലി എന്താണെന്ന് പോലും പരിഗണിച്ചാകും ഡോക്ടര്‍മാര്‍ കുറിക്കുക. ഉദാഹരണത്തിന് നിങ്ങളൊരു ഡ്രൈവറോ, പെയിന്റ് പണി ചെയ്യുന്ന ആളോ ആണെന്ന് കരുതുക. നിങ്ങള്‍ക്ക് ഒരിക്കലും സെഡേഷന്‍ ഉണ്ടാവുന്ന തരം കഫ് സിറപ്പ് ഡോക്ടര്‍ കുറിച്ച് തരില്ല. ഇത്തരം ഘടകങ്ങളും പരിഗണിച്ചാണ് മരുന്നുകള്‍ പ്രിഫര്‍ ചെയ്യുന്നതെന്ന് മനസിലാക്കുക.

ഇനി മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നം, അതായത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളയാള്‍ക്കാണ് ചുമ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നതെന്ന് കരുതുക. അത്തരം അവസ്ഥയിലുള്ള ഒരാള്‍ക്ക് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയ കഫ് സിറപ്പ് ഒരിക്കലും ഡോക്ടര്‍ കുറിച്ചു തരില്ല. കഫ് സിറപ്പല്ലേ.. വലിയ പ്രശ്‌നമൊന്നുമില്ലല്ലോ, അതിനാല്‍ സ്വയം പോയി വാങ്ങാം എന്ന മണ്ടന്‍ തീരുമാനങ്ങള്‍ ഒരിക്കലും സ്വീകരിക്കരുത്. ഇനി കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് റെഫര്‍ ചെയ്യുമ്പോഴും വളരെയേറെ ശ്രദ്ധിക്കണം. ഈ മരുന്നുകളില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന കൃത്യമായ വിവരം ഡോക്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളു, അതിനാല്‍ ഏത് പ്രായക്കാരായാലും ഏത് തരം മരുന്നാണെങ്കിലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഫ് സിറപ്പ് വാങ്ങരുത്... കഴിക്കരുത്.
Content Highlights: We must aware about the usage of Cough Syrup

dot image
To advertise here,contact us
dot image