
തെൽ അവീവ്: ഗാസയിലേക്ക് സഹായവുമായി പോയ ഫ്‌ളോട്ടില്ല ബോട്ടുകളിലുള്ള മനുഷ്യാവകാശ പ്രവർത്തകരെ ഭീകരവാദികളെന്ന് അധിക്ഷേപിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. പലസ്തീനിലേക്ക് സഹായവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവർ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതൽ ബോട്ടുകൾ ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽനിന്നും പിടിച്ചെടുത്തിരുന്നു. ബോട്ടിലുണ്ടായിരുന്നവരെ തടവിലാക്കിയതിന് പിന്നാലെ ഇവരെ ബെൻ-ഗ്വിർ സന്ദർശിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
ഈ സന്ദര്‍ശനത്തിലാണ് മനുഷ്യാവകാശ പ്രവർത്തകരെ ബെൻ-ഗ്വിർ ഭീകരവാദികളെന്ന് വിളിച്ചത്. 'നിങ്ങൾ ഭീകരവാദികളാണ്' എന്നാണ് ബെൻ-ഗ്വിർ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ ബെൻ-ഗ്വിറിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഫ്രീഡം ഫ്‌ളോട്ടിലയ്ക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരായ ഇസ്രയേൽ നടപടിയിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ അധിക്ഷേപം.
അതേസമയം ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയിൽ നിന്നും പിടികൂടിയ മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ ഉടൻ നാട് കടത്തും. അവസാന ഫ്ളോട്ടില ബോട്ടും ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഇന്ന് രാവിലെയാണ് സൈന്യം ബോട്ട് പിടിച്ചെടുത്തത്. ഇസ്രയേൽ സൈന്യം ബോട്ടിലേക്ക് കയറുന്നത് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ആറ് പേരടങ്ങുന്ന പോളിഷ് പതാകയുള്ള അവസാന ബോട്ടാണ് സൈന്യം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഏകദേശം 40ഓളം ബോട്ടുകൾ പിടിച്ചെടുത്തതിനും ഗ്രേറ്റ തുൻബർഗ് അടക്കം 450ലധികം വിദേശ ആക്ടിവിസ്റ്റുകളെയാണ് തടവിലാക്കിയത്. പ്രതിഷേധങ്ങളെ വകവെക്കാതെ തുടർന്നും ഇസ്രേയൽ സൈന്യം ബോട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു. ഗാസയിൽ നിന്ന് 42.5 നോട്ടിക്കൽ മൈൽ നിന്നുമാണ് ബോട്ട് പിടിച്ചെടുത്തത്.
അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന നിർദേശങ്ങളിൽ ഹമാസ് ഭേദഗതി ആവശ്യപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മധ്യസ്ഥരെ ഉടൻ നിലപാട് അറിയിക്കുമെന്ന് ഹമാസ് വ്യക്തമാക്കി.
ഗാസയിൽ ഇസ്രയേൽ സേനയുടെ പിൻമാറ്റം സംബന്ധിച്ചുള്ള അവ്യക്തതയിലും ഹമാസിനെ നിരായുധീകരിക്കണമെന്ന നിർദേശത്തിലുമാണ് ഹമാസ് ഭേദഗതിക്ക് ശ്രമിക്കുന്നത്. മധ്യസ്ഥ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായാണ് വിവരം. ട്രംപിന്റെ നിർദേശങ്ങളിൽ അവ്യക്തതയുണ്ടെന്ന നിലപാടിലാണ് ഖത്തറുള്ളത്. നിർദേശങ്ങളിൽ ഉടൻ നിലപാട് വ്യക്തമാക്കുമെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു.
Content Highlights: Israel minister Itamar Ben Gvir labels Sumud flotilla activists as terrorists