
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പീഠം സന്നിധാനത്തെത്തിയിട്ടില്ലെന്ന് പ്രശാന്ത് റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. അങ്ങനെയെങ്കില്‍ രേഖകളുണ്ടാകുമെന്നും അങ്ങനൊരു രേഖയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പീഠം ശബരിമലയിലെത്തിച്ചിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ രസീറ്റ് കൊടുത്തല്ലാതെ സ്വീകരിക്കാന്‍ പറ്റില്ല. അങ്ങനൊരു പീഠമോ രസീറ്റോ രേഖയോ ഇല്ല. പീഠം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ രേഖ വേണ്ടേ. എന്തെങ്കിലും ഒക്കെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും. ആഗോള അയ്യപ്പ സംഗമത്തിന് അഞ്ച് ദിവസം മുമ്പ് ഇയാള്‍ വെളിപ്പെടുത്തുമ്പോഴാണ് ഈ സാധനം അവിടെയുണ്ടെന്ന് മനസിലാക്കുന്നത്. കോടതി വിജിലന്‍സ് എസ്പിയെ അന്വേഷണത്തിന് ഏല്‍പ്പിച്ചു. അദ്ദേഹം അന്വേഷിച്ചപ്പോള്‍ അങ്ങനൊരു രേഖയില്ല. രേഖയില്ലെന്ന് മാത്രമല്ല, എവിടെയും പീഠമില്ല. ഇതിനെ സംബന്ധിച്ച് ആര്‍ക്കും അറിവില്ല', പ്രശാന്ത് പറഞ്ഞു.
ഇങ്ങനൊരു വെളിപ്പെടുത്തല്‍ നടത്തി ദേവസ്വം ബോര്‍ഡിനെ അപമാനിച്ചതിന് അപകീര്‍ത്തി കേസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സാധനം വെച്ചിട്ട് ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചെന്ന് പറയുന്നത് പച്ചക്കള്ളമല്ലേയെന്നും ഇതാര്‍ക്ക് വേണ്ടിയാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കുറയ്ക്കാന്‍ ആസൂത്രിതമായി നടത്തിയ നീക്കമാണെന്നാണ് കരുതുന്നത്. രാഷ്ട്രീയക്കാരുടെ ചട്ടുകമായാണ് പോറ്റി പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നതെന്നും പ്രശാന്ത് പറഞ്ഞു.
2021ല്‍ ദ്വാരപാലക പീഠം കൊണ്ടു വന്നെന്നും അളവ് ശരിയല്ലാത്തതിനാല്‍ തിരികെ കൊണ്ടുപോയെന്നുമാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞത്. എന്നാല്‍ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കോട്ടയം സ്വദേശിയായ വാസുദേവന്‍ എന്ന ജോലിക്കാരന്റെ വീട്ടിലായിരുന്നു പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതല്‍ പീഠം വസുദേവന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്. കോടതി വിഷയത്തില്‍ ഇടപെട്ടതോടെ വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പീഠം സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റിയത്.
Content Highlights: Devaswom Board President PS Prashanth about Sabarimala dwarapalaka peedam