
ചെന്നൈ: കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകള്‍ നശിപ്പിച്ച നിലയിൽ. വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്. കരൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. 'വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍ക്കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകൾ കരൂരില്‍ സ്ഥാപിച്ചിരുന്നു. ഈ പോസ്റ്ററുകളാണ് നശിപ്പിച്ചത്. തമിഴ്‌നാട് സ്റ്റുഡന്റ്‌സ് യൂണിയൻ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്.
കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 41ആയി ഉയര്‍ന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി.
സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlight : Karur tragedy: Posters demanding Vijay's arrest were widely destroyed