'കൈയിലുണ്ടായിട്ടും കളളം പറഞ്ഞത് എന്തിന്, പിന്നിൽ ഗൂഢാലോചന'; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പി എസ് പ്രശാന്ത്

ആഗോള അയപ്പ സംഗമത്തിന്റെ പകിട്ട് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമുണ്ടായെന്ന് പി എസ് പ്രശാന്ത്

'കൈയിലുണ്ടായിട്ടും കളളം പറഞ്ഞത് എന്തിന്, പിന്നിൽ ഗൂഢാലോചന'; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പി എസ് പ്രശാന്ത്
dot image

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ വച്ചിട്ട് ദേവസ്വം ബോർഡിനെ പഴിചാരിയെന്നും പിന്നിൽ ആഗോള അയ്യപ്പസംഗമത്തിന്റെ പകിട്ട് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമുണ്ടായെന്നും പ്രശാന്ത് ആരോപിച്ചു.

ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിന് അഞ്ച് ദിവസം മുമ്പാണ് ആരോപണം ഉന്നയിച്ചത്. അതിൽ ബോർഡിനെ പഴിചാരിയത് എന്തിനായിരുന്നുവെന്നും പ്രശാന്ത് ചോദിച്ചു. ഇതിന് പിന്നിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയാൻ വേണ്ടിയുള്ള ആസൂത്രിത നീക്കം സംശയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവുൾപ്പെടെ ദേവസ്വം ബോർഡ് പ്രസിഡന്റായ തന്നെ കള്ളനെന്ന് പറഞ്ഞു. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് ചോദിച്ചു. ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടായിട്ടുണ്ട്. പച്ചക്കള്ളമാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതെന്നും പ്രശാന്ത് പറഞ്ഞു.

ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഇതുണ്ടായിരുന്നു. എന്നിട്ട് എന്തിനാണ് ഇയാൾ കള്ളം പറഞ്ഞത്. എന്തിനാണ് ദേവസ്വം ബോർഡിൽ പഴിചാരിയത്. എന്തിനുവേണ്ടിയാണ് മനഃപൂർവം അദ്ദേഹം കള്ളം പറഞ്ഞത്. ചില ആളുകളുമായി ആസൂത്രണം നടത്തിയെന്നാണ് സംശയമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ഇന്നലെയായിരുന്നു ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശിൽപങ്ങളുടെ താങ്ങുപീഠം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കോട്ടയം സ്വദേശിയായ വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലായിരുന്നു പീഠം ആദ്യം സൂക്ഷിച്ചിരുന്നത്. 2021 മുതൽ പീഠം വസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നു. വസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചിരുന്നത്. കോടതി വിഷയത്തിൽ ഇടപെട്ടതോടെ വാസുദേവൻ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പീഠം സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റിയത്.

സംഭവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും രംഗത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഡ്ഢികളാക്കിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായെന്നും മന്ത്രി പറഞ്ഞു. നാലരവർഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണൻ പോറ്റി ഒളിപ്പിച്ചുവെച്ചു. വിഷയത്തിൽ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: P S Prashanth against sponsor unnikrishnan potty over dwarapalaka sculpture peedam controversy

dot image
To advertise here,contact us
dot image