കിളിമാനൂരിൽ വയോധികന്‍റെ മരണം: എസ്എച്ച്ഒ അനിൽകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി

അനിൽ കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

കിളിമാനൂരിൽ വയോധികന്‍റെ മരണം: എസ്എച്ച്ഒ അനിൽകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി
dot image

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ പാറശ്ശാല മുന്‍ എസ്എച്ച്ഒ അനില്‍കുമാറിന് ആശ്വാസം. അനില്‍ കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി. അനിൽ കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കേണ്ടതില്ലെന്നാണ് കോടതിയുടെ പക്ഷം.

വാഹനം ഇടിച്ചതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും കോടതി കണ്ടെത്തി. അനില്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തല്‍. അനില്‍ കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എസ്എച്ച്ഒയ്‌ക്കെതിരെ റേഞ്ച് ഐജി അജിതാ ബീഗം  നടപടിക്ക് ശുപാർശ ചെയ്തിരുന്നു. റൂറല്‍ എസ്പി എസ് സുദര്‍ശന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ഐജിയ്ക്കാണ് റേഞ്ച് ഐജി നടപടി ശുപാർശ ചെയ്തത്. അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് ചേണിക്കുഴി സ്വദേശി രാജനെ ഇടിച്ചിട്ട് നിർത്താതെ പോയത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.  

സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍. അനില്‍ കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. വേഗതയില്‍ പോകുന്ന സമയത്ത് ഒരാളെ ഇടിച്ചു എന്ന് മനസിലായിരുന്നു. എന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്ന ഗുരുതര സ്വഭാവമുളള വാഹനാപകടമാണ് എന്ന് മനസിലായില്ല. അതുകൊണ്ട് വാഹനം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു എന്നാണ് അനില്‍ കുമാര്‍ നല്‍കിയ മൊഴി.

Content Highlights: Kilimanoor accident case: Non-bailable section against SHO Anilkumar will not remain in force says court

dot image
To advertise here,contact us
dot image