
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ തന്നെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
ന്യൂനമർദ്ദനത്തിൻ്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും
വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം തുടർന്ന് തീവ്ര ന്യൂനമർദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിനു പുറമെ പടിഞ്ഞാറൻ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ഇതും വരും ദിവസങ്ങളിൽ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlight : Low pressure area in Bay of Bengal; Yellow alert in four districts