
നീ ആള് കൊള്ളാല്ലോ..ബുദ്ധിമാന്‍ തന്നെ. ഇങ്ങനെ ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ ആരെയെങ്കിലും കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ?. ആരാണ് ബുദ്ധിമാന്‍? ബുദ്ധിമാൻ്റെ ലക്ഷണം എന്തായിരിക്കും. ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും. ബുദ്ധിമാന്മാരായ ആളുകള്‍ പലപ്പോഴും അവരുടെ ബുദ്ധിശക്തി പ്രകടിപ്പിക്കാറില്ല. പക്ഷേ അവരുടെ ചില ശരീര ഭാഷയിലൂടെയും ശീലങ്ങളിലൂടെയും നമുക്കത് മനസിലാകും.
കുറച്ച് സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യും
ബുദ്ധിയുളള ആളുകള്‍ മറ്റുള്ളവര്‍ ഒരു കാര്യത്തെക്കുറിച്ച് എന്ത് പറയുന്നു, എന്തിനെക്കുറിച്ചാണ്, എപ്പോഴാണ് പറയുന്നത് എന്നതില്‍ ശ്രദ്ധിക്കും. അവര്‍ നിങ്ങളെ കേള്‍ക്കും. ഈ കേള്‍ക്കലിലൂടെ അവര്‍ നിങ്ങളെക്കുറിച്ച് മനസിലാക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.
അര്‍ഥവത്തായ ചോദ്യങ്ങള്‍ ചോദിക്കും
ഒരു കാര്യത്തില്‍ തങ്ങളുടെ അറിവ് പ്രകടിപ്പിക്കുന്നതിന് പകരം ബുദ്ധിയുള്ളവര്‍ ആകാംഷയുണര്‍ത്തുന്നതും ചിന്തിപ്പിക്കുന്നതുമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഈ ലക്ഷണം ഒരു ബുദ്ധിമാനായ വ്യക്തിയെ മനസിലാക്കാന്‍ സഹായിക്കും.
അവര്‍ പെട്ടന്ന് എല്ലാത്തിനോടും പൊരുത്തപ്പെടും
ബുദ്ധിയുള്ള ആളുകള്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടിനോടും ഇടപഴകുന്ന വ്യക്തികളോടും വേഗത്തില്‍ പൊരുത്തപ്പെടും. ഏത് സാഹചര്യങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കും.
ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കും
ഇങ്ങനെയുളള ആളുകള്‍ക്ക് സൂക്ഷ്മമായ നിരീക്ഷണ പാടവമുണ്ട്. ഒരാളില്‍ ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും അവര്‍ മനസിലാക്കിയെടുക്കുന്നു. അവര്‍ക്ക് ആളുകളെയും സാഹചര്യങ്ങളെയും നന്നായി മനസിലാക്കാന്‍ കഴിയും.
എപ്പോഴും അറിവ് നേടാന്‍ ശ്രമിക്കും
അവര്‍ എപ്പോഴും ജിജ്ഞാസ ഉള്ളവരായിരിക്കും. എപ്പോഴും അറിവ് നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങളില്‍ അറിവ് നേടാനും അതിലൂടെ അവര്‍ക്ക് വളരാനും സാഹചര്യമൊരുക്കിക്കൊണ്ടിരിക്കും.
നര്‍മ്മബോധമുള്ളവരായിരിക്കും
നര്‍മ്മബോധമുള്ള ഇവര്‍ നര്‍മ്മം ഉപയോഗിക്കുന്നതുതന്നെ ബുദ്ധിപൂര്‍വ്വമായിരിക്കും. ചുറ്റുപാടുമുള്ള ആളുകളെ സന്തോഷിപ്പിക്കാനും സ്വയം സന്തോഷം കണ്ടെത്താനും അവര്‍ക്ക് കഴിയും. ഇവര്‍ അഹങ്കാരമില്ലാത്തവരായിരിക്കും. താന്‍ ബുദ്ധിമാനാണ്, എല്ലാം അറിയാം എന്നുള്ള ഭാവമില്ലാതെ എളിമയോടെ പെരുമാറും.
വാദപ്രതിവാദങ്ങളേക്കാള്‍ തീരുമാനങ്ങളെ മാനിക്കുന്നു
ബുദ്ധിയുള്ള ആളുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്നതിന് പകരം തീരുമാനങ്ങളിലേക്ക് കടക്കുകയും ശരിയായ രീതിയില്‍ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും. അവര്‍ തര്‍ക്കിക്കാന്‍ നില്‍ക്കില്ല. പകരം നിശബ്ദമായി തീരുമാനങ്ങളെടുക്കും.
സമ്മര്‍ദ്ദമുണ്ടായാലും ശാന്തമായി നേരിടും
എത്ര സമ്മര്‍ദ്ദമുള്ളതും ദുര്‍ഘടമായ സാഹചര്യങ്ങളായാലും അവയൊന്നും അവരെ എളുപ്പത്തില്‍ തളര്‍ത്തില്ല. പകരം അവര്‍ ശാന്തതയും സംയമനവും പാലിക്കും. ഇത് എത്ര മോശം സാഹചര്യത്തിലും ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍ അവരെ സഹായിക്കും.
ആത്മവിശ്വാസം ഉള്ളവരായിരിക്കും
ബുദ്ധിയുളള വ്യക്തികള്‍ക്ക് അവരുടെ മൂല്യങ്ങള്‍ അറിയാം. എന്നാല്‍ അവര്‍ ഒരിക്കലും അത് പറഞ്ഞുകൊണ്ട് നടക്കില്ല. അവര്‍ എളിമയുളളവരായി തുടരും. മറ്റുളളവരില്‍നിന്ന് സ്വാഭാവികമായി ബഹുമാനം നേടുന്നതിനൊപ്പം എന്ത് കാര്യത്തിനും അവരെ സമീപിക്കാം എന്നൊരു തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിയെടുക്കും.
Content Highlights :Do you know what are some signs that someone is intelligent?