സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഐഎം ഒരുക്കുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു

തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു

സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഐഎം ഒരുക്കുന്ന വീടിന്റെ നിർമ്മാണം ആരംഭിച്ചു
dot image

തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സംവാദ സദസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം മടക്കി അയച്ച തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ ഭവന നിർമാണത്തിൻ്റെ തറക്കല്ലിടൽ കഴിഞ്ഞു. സിപിഐഎം ചേർപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ നിർവഹിച്ചു.

സിപിഐഎം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിട്ടാണ് ഭവന നിർമ്മാണം. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്ക്വയർ ഫീറ്റ് വീടാണൊരുക്കുന്നത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഐഎമ്മിനൊപ്പം ചേർന്ന് ഭവന നിർമ്മാണത്തിനായി സഹായിക്കുന്നുണ്ട്.

തനിക്ക് നിവേദനം നൽകാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധൻ നിവേദനവുമായി വന്നത്. നിവേദനം ഉൾക്കൊള്ളുന്ന കവർ സുരേഷ് ഗോപിക്ക് നീട്ടിയപ്പോൾ 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തിൽ പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് നൽകുക എന്ന് ചോദിക്കുമ്പോൾ 'അതെ പറ്റുന്നുള്ളൂ ചേട്ടാ' എന്ന് എംപി പറയുന്നതും വീഡിയോയിൽ കേൾക്കാം.

കൊച്ചു വേലായുധൻ നിവേദനവുമായി വരുമ്പോൾ സുരേഷ് ഗോപിയുടെ തൊട്ടടുത്ത് ഇരുന്ന മറ്റൊരു വയോധികനും തന്റെ കയ്യിലുള്ള നിവേദനം നൽകാനായി തയ്യാറെടുക്കുന്നത് കാണാം. എന്നാൽ നിവേദനം നൽകിയ വയോധികന് ഈ തരത്തിലുള്ള സ്വീകരണം ലഭിച്ചതോടെ തന്റെ കയ്യിലുള്ള നിവേദനം പിന്നിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വലിയ ചർച്ചയാണ് ഈ ദൃശ്യങ്ങൾ ഉണ്ടാക്കിയത്. പുള്ളിലും ചെമ്മാപ്പള്ളിയിലും നടന്ന സദസ്സിൽ സുരേഷ് ഗോപിക്കൊപ്പം നടനും ബിജെപി നേതാവുമായ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാടും പങ്കെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ കൊച്ചു വേലായുധന് സിപിഐഎം വീട് വെച്ച് നൽകുമെന്ന് കെ വി അബ്ദുൽഖാദർ അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ 'നിവേദനം സ്വീകരിക്കലല്ല എംപിയുടെ പണി'എന്ന് പറഞ്ഞ് അവഹേളിതനാക്കിയ കൊച്ചു വേലായുധന്റെ വീട് സിപിഐഎം നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Content Highlights: house construction of kochuvelayudhan who rejected by suresh gopi started by cpim

dot image
To advertise here,contact us
dot image