അനിലിന്റെ കുറിപ്പില്‍ ബിജെപി എന്ന വാക്കില്ല; മരണത്തിലേക്ക് നയിച്ചത് പൊലീസും സിപിഐഎമ്മും: വി മുരളീധരന്‍

'അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് വായ്പയെടുത്ത ആളുകളെയാണ്. അവരെ അങ്ങനെ വിളിക്കുന്നതില്‍ എന്താണ് തെറ്റ്'

അനിലിന്റെ കുറിപ്പില്‍ ബിജെപി എന്ന വാക്കില്ല; മരണത്തിലേക്ക് നയിച്ചത് പൊലീസും സിപിഐഎമ്മും: വി മുരളീധരന്‍
dot image

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീസിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്. പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം. ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റിനെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണ്. കണ്ടലയില്‍ വിളിപ്പിക്കാത്ത പൊലീസ് ഇവിടെ വിളിപ്പിക്കുന്നത് എന്തിനാണ്?. അഴിമതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് വായ്പയെടുത്ത ആളുകളെയാണ്. അവരെ നമ്മുടെ ആള്‍ക്കാര്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റെന്ന് വി മുരളീധരന്‍ ചോദിച്ചു. ഇവര്‍ ബിജെപിക്കാര്‍ ആണെന്നാണ് സിപിഐഎം ആരോപണം. അത് എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂള്‍ മാത്രമാണ്. ബിജെപി എന്നൊരു വാക്ക് കുറിപ്പില്‍ ഇല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സൊസൈറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബിജെപി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ല. സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികള്‍ ബിജെപിക്ക് ലഭിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അനിലിന്റെ ആത്മഹത്യക്കുറിപ്പ് എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ഒരു കഷ്ണം മാത്രമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സംസാരിച്ചതിലും മുരളീധരന്‍ പ്രതികരിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ പ്രതികരിക്കണം എന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പ്രകോപനപരമായി ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അങ്ങനെ പ്രതികരിച്ചത്. വൈകാരികമായി പ്രതികരിച്ചു എന്നേയുള്ളൂവെന്നും മുരളീധരന്‍ വ്യക്തമാക്കി.

Content Highlights- BJP leader v muraleedharan on thirumala anilkumar death

dot image
To advertise here,contact us
dot image