പൊലീസ് മര്‍ദ്ദനമേറ്റ സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വര്‍ഗീസ് ചൊവ്വന്നൂരിന് പ്രമോഷന്‍ നല്‍കി കോണ്‍ഗ്രസ്

കസ്റ്റഡി മര്‍ദനങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് നടക്കുകയാണ്.

പൊലീസ് മര്‍ദ്ദനമേറ്റ സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വര്‍ഗീസ് ചൊവ്വന്നൂരിന് പ്രമോഷന്‍ നല്‍കി കോണ്‍ഗ്രസ്
dot image

തൃശ്ശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് വേണ്ടി നിയമവഴിയില്‍ അവസാനം വരെ നിലകൊണ്ട കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിന് പാര്‍ട്ടിയില്‍ പ്രമോഷന്‍. വര്‍ഗീസിനെ ഡിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രമോട്ട് ചെയ്‌തെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പ്രഖ്യാപിച്ചു. കുന്നംകുളത്തെ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ്സിലായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ പ്രഖ്യാപനം. നേരത്തെ സുജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേ വേദിയില്‍ തന്നെ സുജിത്തിന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് സ്വര്‍ണ്ണമാല സമ്മാനിച്ചു. തന്റെ കഴുത്തില്‍ കിടന്ന മാലയാണ് സുജിത്തിന് നല്‍കിയത്. വരുന്ന 15ാം തിയ്യതി സുജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുജിത്തിനെ സന്ദര്‍ശിച്ച കെ സി വേണുഗോപാല്‍ സ്വര്‍ണ്ണമോതിരം അണിയിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി എസ് സുജിത്തിനെ നാല് പൊലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരാന്‍ പരിശ്രമിച്ചവരില്‍ മുന്നില്‍ നിന്നത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസായിരുന്നു.

കസ്റ്റഡി മര്‍ദനങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് നടക്കുകയാണ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും. കുന്നംകുളം പൊലീസ് സ്റ്റേഷന് മുന്നിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. കെപിസിസി അധ്യക്ഷനാണ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുകയാണ്. മുഖ്യമന്ത്രിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച കുന്നംകുളം പൊലീസ് സ്റ്റേഷനാണ് സംസ്ഥാനതല ഉദ്ഘാടനത്തിനായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന പ്രതിഷേധ സദസിലാണ് പങ്കെടുക്കുക. എംഎം ഹസന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: Congress promotes Varghese Chovannur

dot image
To advertise here,contact us
dot image