ആപ്പിൾ തന്നെ രാജാവ്! പക്ഷേ പ്രീമിയം ഫോൺ വിൽപനയിൽ വമ്പൻ നേട്ടം ഇവർക്ക്!

മുമ്പത്തെ പോലെയല്ല, പ്രീമിയം ഫോണുകൾക്കായി എത്ര രൂപ ചിലവഴിക്കാനും യാതൊരു മടിയുമില്ല ആളുകൾക്ക്

ആപ്പിൾ തന്നെ രാജാവ്! പക്ഷേ പ്രീമിയം ഫോൺ വിൽപനയിൽ വമ്പൻ നേട്ടം ഇവർക്ക്!
dot image

മുമ്പത്തെ പോലെയല്ല, പ്രീമിയം ഫോണുകൾക്കായി എത്ര രൂപ ചിലവഴിക്കാനും യാതൊരു മടിയുമില്ല ആളുകൾക്ക്. കൗണ്ടർ പോയിന്റ് റിസർച്ചിൽ വന്ന പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2025ന്റെ ആദ്യപാദത്തിൽ വിലകൂടിയ സ്മാർട്ട്‌ഫോണുകളുടെ വിൽപന എട്ടു ശതമാനമായി ഉയർന്നുവെന്നാണ്. ഏറ്റവും കൂടിയ നിലയിലേക്കാണ് ഈ വർഷം വിൽപന എത്തിയിരിക്കുന്നത്. വിപണിയുടെ പകുതിയിലേറെയും കൈയ്യടക്കിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നല്ല രീതിയിലാണ് ആപ്പിൾ വിറ്റുപോയത്. പക്ഷേ ചൈനയിൽ അങ്ങനെയല്ല കാര്യങ്ങൾ. വാവെയ്, ഷവോമി എന്നീ പ്രാദേശിക ബ്രാൻഡുകളുമായുള്ള മത്സരത്തിൽ ആപ്പിളിന് വലിയ ക്ഷീണമാണ് ചൈനയിലുണ്ടായത്. പിന്നാലെ സാംസങും ഉണ്ട്. സാംസങിന്റെ ഗ്യാലക്‌സി എസ്25 ഫോൺ കഴിഞ്ഞ വർഷത്തെ മോഡലുകളെക്കാൾ നല്ല പ്രകടനമാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ഇനി വരാനിരിക്കുന്ന ഫോൾഡിങ് ഫോണും നല്ല വിറ്റുവരവുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Huawei

ഇതിൽ അപ്രതീക്ഷിതമായി സ്റ്റാറായത് ഷവോമിയാണ്. അമ്പത് ശതമാനമാണ് വിൽപന വർധിച്ചത്. അതിന് നന്ദി പറയേണ്ടത് ചൈനയിലെ ഉപഭോക്താക്കളോടാണ്. ഷവോമിയുടെ പുത്തൻ ഇലക്ട്രിക്ക് കാർ വിപണയിലെത്തുമെന്നൊരു അഭ്യൂഹം ഇടയ്ക്ക് ഉയർന്ന് വന്നതും കമ്പനിയുടെ ഇമേജിന് വലിയ കയറ്റമാണ് ഉണ്ടാക്കിയത്. ഇതും ഫോൺ വിൽപനയെ സ്വാധീനിച്ചിട്ടുണ്ട്. തീർന്നില്ല മാർക്കറ്റിൽ മികച്ച പ്രകടനമാണ് ഗൂഗിളും നടത്തിയിരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം പ്രീമിയം ഫോൺ നിർമാതാക്കളുടെ മുൻനിര പട്ടികയിൽ അഞ്ച് പേരിലൊന്ന് ഗൂഗിളിന്റേതാണ്. ഗൂഗിളിന്റെ പിക്‌സൽ 9 സീരീസ് നന്നായി വിറ്റുപോയി. സിമ്പിൾ ഡിസൈനൊപ്പം ഉപയോഗപ്രദമായ എഐ ഫീച്ചറുകളുമാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയത്.

Xiaomi

ഫോൾഡബിൾ ഫോണുകൾ വലിയ ജനപ്രീതി ലഭിച്ചിട്ടില്ലെങ്കിലും അതിലേക്കുള്ള വഴികളാണ് കമ്പനികൾ തേടുന്നത്. അടുത്തവർഷം ആപ്പിൾ ഫോൾഡബിൾ ഫോൺ വിപണയിലെത്തിക്കുന്നതോടെ ആ ട്രെൻഡ് വ്യാപിക്കുമെന്നാണ് കണക്കുക്കൂട്ടൽ. ആളുകൾ എഐയിലേക്ക് അപ്പ്‌ഗ്രേഡ് ആകുന്നതും ഫോണുകളുടെ വിൽപന കൂടാനൊരു കാരണമാണ്. ചുരുക്കി പറഞ്ഞാൽ നിലവിൽ ആപ്പിൾ തന്നെയാണ് മുന്നിൽ, പക്ഷേ സാംസങ്, ഷവോമി, ഗൂഗിൾ എന്നിവർ പെട്ടെന്ന് തന്നെ വളർന്നു വരുന്നുണ്ട്. ഇന്ത്യയിൽ ഉൾപ്പെടെ പ്രീമിയം ഫോൺ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചത് മത്സരം കൂടുതൽ കടുപ്പിക്കുകയാണ്.
Content Highlights: Apple is the king, Bt these brands make big gains in Premium Phone sales

dot image
To advertise here,contact us
dot image