'ലോക'യ്ക്ക് വേണ്ടി ദുൽഖർ ഞങ്ങളെ വിശ്വസിച്ച് പൈസ ചെലവാക്കി...' | Lokah | Banglan

അന്യ ഭാഷ സിനിമകളിലെ ബജറ്റിന്റെ 80% ചിലവാകുന്നത് അഭിനേതാക്കളുടെ സാലറിയിലാണ്...പക്ഷേ ഇവിടെ അങ്ങനല്ല.

'ലോക'യ്ക്ക് വേണ്ടി ദുൽഖർ ഞങ്ങളെ വിശ്വസിച്ച് പൈസ ചെലവാക്കി...' | Lokah | Banglan
അജയ് ബെന്നി
1 min read|04 Sep 2025, 06:48 pm
dot image

മലയാള സിനിമ പ്രേക്ഷകർക്ക് ഇതുവരെ ലഭിക്കാത്ത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് നൽകിയ ലോക ബോക്സ് ഓഫീസിൽ 100 കോടിയിലധികം രൂപ കളക്ഷൻ നേട്ടവുമായി മുന്നേറുകയാണ്. ചിത്രത്തിൽ പ്രേക്ഷകൻ കാണുന്ന വീടുകൾ, ഗുഹകൾ, തെരുവുകൾ, കെട്ടിടങ്ങൾ എല്ലാത്തിന്റെയും പിന്നിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ഡിസൈനർ ആരെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ബംഗ്ലാൻ. കമ്മാരസംഭവം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാന്റെ കയ്യിൽ ലോക എത്തിയതോടെ ചിത്രത്തിന്റെ ഭംഗി വിചാരിച്ചതിലും അപ്പുറമായി. ഒരു മികച്ച ദൃശ്യനുഭവം തന്റെ സിനിമകളിൽ എപ്പോഴും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കലാകാരൻ ലോകയിലെ വിശേഷങ്ങൾ റിപ്പോർട്ടറുമായി പങ്കുവക്കുന്നു.

ഡൊമിനിക് അരുൺ, നിമിഷ് രവി ഇവരിലേക്ക് എത്തിയ വഴി?

കൊവിഡ് സമയത്ത് ഡൊമിനിക്കിന്റെ ഒരു മ്യൂസിക്കൽ ആൽബത്തിന്റെ വർക്ക് ഉണ്ടായിരുന്നു അങ്ങനെയാണ് പരിചയപ്പെടുന്നത്. അതിന് ശേഷം നിമിഷ് രവിയാണ് ലോകയുടെ ഐഡിയ ആദ്യമായി എന്നോട് പറയുന്നത്. ലക്കി ഭാസ്കർ ചെയ്യുന്ന സമയത്ത് ഞാൻ ഈ പ്രോജക്ട് കമ്മിറ്റ് ചെയ്തു. പല ഭാഷകളിൽ ഞാൻ സിനിമകൾ ചെയ്യുന്നതിനാൽ പെട്ടെന്ന് ഒരു പ്രോജക്ട് വന്നാൽ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്. കുറുപ്പ് സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോഴാണ് ഞാൻ നിമിഷ് ആയിട്ട് പരിചയപ്പെടുന്നതും സുഹൃത്താകുന്നതും.

ലോകയുടെ വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം

ലോകയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരു സൂപ്പർഹീറോ ഴോണർ സിനിമ അതും ഒരു സ്ത്രീ കേന്ദ്രകഥാപാത്രമാക്കി ചെയ്യുമ്പോൾ അത് മറ്റ് പല ഭാഷകളിലുള്ള സിനിമ നിർമ്മാതാക്കൾക്കും ഒരു ധൈര്യം ഉണ്ടാകും. ഇങ്ങനൊരു തുടക്കത്തിന്റെ ഒപ്പമുണ്ടാകാൻ എനിക്ക് സാധിച്ചത് വലിയ കാര്യം. എന്റെ കൂടെ ഈ ജോലികൾ ചെയ്യാൻ സഹായിച്ചത് ജിത്തു സെബാസ്റ്റിയൻ എന്ന കലാസംവിധായകൻ ആണ്.

സണ്ണിയുടെയും ചന്ദ്രയുടെയും അപാർട്മെന്റ്, വന്ദനം റഫറൻസ്, സ്ട്രീറ്റ് സീനുകൾക്ക് പിന്നിൽ

ഓപ്പോസിറ്റ് അപ്പാർട്മെന്റുകളിൽ താമസിക്കുന്ന നായകനും നായികയും ആ ഐഡിയ ഡൊമിനിക് വന്ദനം സിനിമയിൽ നിന്ന് എടുത്ത റെഫെറൻസ് ആണ്. അപാർട്മെന്റ് എക്സ്റ്റീരിയർ ബാംഗളൂരിൽ ആണ് സെറ്റ് ചെയ്തത്. പക്ഷേ ഇന്റീരിയർ ഭാഗങ്ങൾ കൊച്ചിയിൽ ഒരു സ്റ്റുഡിയോയിൽ സെറ്റ് പണിതാണ് ഷൂട്ട് ചെയ്തത്. സ്ട്രീറ്റ് സീനുകളിലേക്ക് വന്നാൽ ഞാൻ ചെയ്ത എല്ലാ സിനിമകളിലും ഇത്തരം ഭാഗങ്ങൾ ചെയ്യാൻ നിയോൺ ബോർഡുകൾ, പ്രാക്ടിക്കൽ ലൈറ്റുകൾ, ഗ്ലാസ് റിഫ്‌ളക്‌ഷൻസ് ഉപയോഗിക്കാറുണ്ട്. നിയോൺ ബോർഡുകളും ലൈറ്റുകളും ഉപയോഗിക്കുമ്പോൾ പ്രേക്ഷകർക്ക് അത് കാണാൻ ഒരു ഭംഗിയുണ്ടാകും. പിന്നെ മെട്രോ സിറ്റി ഫീൽ വരാൻവേണ്ടിയാണ് ഈ നിയോൺ ലൈറ്റുകൾ ഞങ്ങൾ ഉപയോഗിച്ചത്. ഒരു വെറൈറ്റി ബാംഗ്ലൂരാണ് സിനിമയിൽ പ്രേക്ഷകർ കാണുന്നത് അത് തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചതും.

സ്ട്രീറ്റ് സീൻ

മലയാളത്തിൽ ഹോളിവുഡ് സ്റ്റൈൽ ഡിസൈനുകൾ റിക്രിയേറ്റ് ചെയുമ്പോൾ പലപ്പോഴും അതിന്റെ ഒപ്പം എത്താറില്ല, ഇപ്പോൾ ലോകയിൽ ചെയ്തതും 100% ആയിട്ടില്ല എങ്കിലും പരമാവധി നന്നാക്കിയിട്ടുണ്ട്. ഒരു ജാപ്പനീസ് സിനിമ കാണുമ്പോൾ കിട്ടുന്ന ഫീൽ ലോകയിൽ കിട്ടാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ സീനുകൾക്കും ഒരു പ്രീ ഡിസൈൻ വർക്കുകൾ ഉണ്ട്. കൃത്യമായ സ്കെച്ചും അനിമേഷൻ ഒക്കെ ചെയ്ത ശേഷമാണ് സിനിമയിലേക്ക് ഇത് നമ്മൾ ചേർക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നമുക്ക് ഒരുപാട് സഹായമാണ് ഈ അനിമേഷൻ പ്രീ ഡിസൈനുകൾ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സീനിനെക്കുറിച്ച് ഒരു ഐഡിയ ഉണ്ടാകും. ബാംഗ്ലൂരിൽ കുറച്ച് സ്ട്രീറ്റ് സീനുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്, എന്നാലും ഭൂരിഭാഗം ഷോട്ടുകൾ കൊച്ചിയിലാണ് ചിത്രീകരിച്ചത്.

'ലോക'യിലെ ഫ്ലാഷ്ബാക്ക് സീൻ, ഗുഹയിൽ ഉപയോഗിച്ച വസ്തുക്കൾ

എപ്പോഴും ക്യാഷ് മുഴുവൻ സെറ്റ് ഇടാൻ ഉപയോഗിക്കാതെ ഒറിജിനൽ ലൊകേഷൻ ലഭിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. കാരണം നമ്മുടെ ഇൻഡസ്ട്രിയിൽ ബജറ്റിന് കുറച്ച് പരിമിതികൾ ഉണ്ട്. ലോകയിൽ ഷൂട്ട് ചെയ്തിരിക്കുന്ന ആ ഗുഹ ഒറിജിനലാണ്. പക്ഷേ അവിടെ ഞങ്ങൾ ചെയ്തിരിക്കുന്ന ജോലി പ്രേക്ഷകർക്ക് സിനിമയിൽ കാണാൻ സാധിക്കും. പഴയ ഭാഷയിലെ എഴുത്തും, ചെറിയ മിസ്റ്റ് പോലെ വെള്ളത്തിന്റെ തുള്ളികൾ, ഒറിജിനൽ മരങ്ങളുടെ വേരുകൾ, പച്ചപ്പിന് വേണ്ടി ചെടികൾ ഒക്കെ ഞങ്ങൾ അവിടെ ഉണ്ടാക്കിയെടുത്തു.

ഫ്ലാഷ്ബാക്ക് സീനിലെ ഗുഹ

കൊച്ചിയിലെ ഒരു പള്ളി കഫേ ആക്കിയ ടെക്നിക്, ചന്ദ്രയുടെ ഉപകരണങ്ങൾ

നമ്മൾ കൊച്ചിയിൽ സ്ഥിരം കാണുന്ന സ്ഥലങ്ങളാണ് സിനിമയിൽ പലയിടത്തും കാണാൻ സാധിക്കുന്നത്. കഥ പറഞ്ഞ് തീർക്കാനൊരു ഫ്ലോർ പ്ലാൻ ആദ്യം ഞങ്ങൾ തയ്യാറാക്കി ശേഷം ഈ പള്ളിയെ ചെറുതായി ഒന്ന് ഷേപ്പ് മാറ്റി, കല്ലുകൾ വെച്ച് ആ കെട്ടിടത്തെ ഞങ്ങൾ ഒരു മോഡേൺ കഫേയാക്കി. ഓരോ ഫ്രെമിലും ഏത് കളർ വേണം കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ ഡീറ്റെയിൽസ് എല്ലാം പ്രീ ഡിസൈൻ പ്ലാനിൽ ഉണ്ടാകും. അതിൽ നിന്ന് മാറിയൊരു പരിപാടി നടക്കില്ല, സംവിധായകന്റെ അപ്പ്രൂവ് വാങ്ങിയാൽ പിന്നെ അതിലൊരു മാറ്റം ഉണ്ടാകില്ല. ചന്ദ്രയുടെ കയ്യിലുള്ള കത്തി വരെ ഡീറ്റൈൽ ചെയ്ത് തയ്യാറാക്കിയതാണ്. എന്താണ് വേണ്ടത് വേണ്ടാത്തത് എന്ന് കൃത്യമായ ബോധ്യമുള്ള ആളാണ് ഡൊമിനിക്. ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടില്ല എങ്കിലും വർക്കിൽ അത് ഒരിക്കലും ബാധിച്ചിട്ടില്ല.

ദുൽഖറിന്റെ പ്രൊഡക്ഷൻ ഹൗസ് നൽകിയ പിന്തുണയും വിശ്വാസവും

ഇത്രയും വലിയ സിനിമ ചെയ്യുമ്പോൾ വിശ്വാസം ഉണ്ടാവണം ഏതൊരു നിർമ്മാതാവിനും അത് ദുൽഖറിന് ഞങ്ങളിൽ ഉണ്ടായിരുന്നു. ദുൽഖർ ഇല്ലെങ്കിൽ ഈ സിനിമ ഇത്രയും നന്നായി ചെയ്യാൻ കഴിയില്ല, ബജറ്റിന്റെ കാര്യത്തിൽ കൂടുമോ കുറയുമോ എന്നൊരു സംശയമോ ടെൻഷനോ ദുൽഖറിന് ഇല്ലായിരുന്നു. നമ്മളോട് ഉള്ള വിശ്വാസത്തിലാണ് ദുൽഖർ എല്ലാ കാര്യത്തിലും പൂർണ പിന്തുണ നൽകിയത്. സെറ്റുകൾ നന്നായിട്ട് കാര്യമില്ല സിനിമയും നന്നാവണം, ക്യാഷ് ചിലവാക്കിയാൽ അതിനുള്ളത് ഫ്രെമിൽ ഉണ്ടാവണം. ലോകയിൽ തുടക്കം മുതൽ അവസാനം വരെ ആ ക്വാളിറ്റി പ്രേക്ഷകർക്ക് കാണാൻ സാധിക്കും. അന്യ ഭാഷ സിനിമകളിലെ ബജറ്റിന്റെ 80% ചിലവാകുന്നത് അഭിനേതാക്കളുടെ സാലറിയിലാണ്. പക്ഷേ ഇവിടെ അങ്ങനല്ല നമ്മുടെ ഇൻഡസ്ട്രിയിൽ മേക്കിങ്ങിലാണ് കൂടുതൽ ക്യാഷ് ചിലവാക്കുന്നത്. പറഞ്ഞ ബജറ്റിൽ ഒരു സിനിമ ചെയ്ത് തീർക്കാൻ നമുക്ക് സാധിക്കുന്നുണ്ട് പക്ഷേ പലയിടത്തും അത് ഒരിക്കലും നടക്കാറില്ല.

അടുത്ത ഭാവി പ്രോജക്ടുകൾ, പദ്ധതികൾ

ഇപ്പോൾ ഞാൻ ചെയ്യുന്നത് വെങ്കി അറ്റ്ലൂരി ചിത്രം 'സൂര്യ 46' ആണ്. പിന്നെ മലയാളത്തിൽ പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ ഷൂട്ടിംഗ് പൂർത്തിയായി ഇനി റിലീസിന് കാത്തിരിക്കുന്നു. 'കാന്താര 2'വിന്റെ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. പിന്നെ മലയാളികൾ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ 'കാളിയൻ' അടുത്ത വർഷം ജനുവരിയിൽ ഷൂട്ട് ആരംഭിക്കും. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് കഴിഞ്ഞു.

Content Highlights: Production Designer Banglan Talks about art work done in Loka Movie

dot image
To advertise here,contact us
dot image