കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം; 'പൊലീസുകാരെ പിരിച്ചുവിടണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ്

കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനം; 'പൊലീസുകാരെ പിരിച്ചുവിടണം'; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സുജിത്തിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവന്റെ വീട്ടിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കേസിലെ പ്രതികളായ സജീവന്‍ ഉള്‍പ്പെടെ നാലുപേരുടെ ചിത്രങ്ങള്‍ അടങ്ങിയ വാണ്ടഡ് എന്ന് എഴുതിയ പോസ്റ്ററുകള്‍ സജീവന്റെ വീടിന്റെ പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചു. സജീവന്‍ നാടിന് അപമാനം എന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും വഴിയരികില്‍ സ്ഥാപിച്ചു. തുടര്‍ന്ന് സജീവന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു.

Content Highlights: kunnamkulam Custody Case Police should be dismissed Opposition leader writes to Pinarayi vijayan

dot image
To advertise here,contact us
dot image