
വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി എംപിയുടെ ഇടപെടലിനെ പ്രശംസിച്ച കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖിനെ പരിഹസിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പ്രിയങ്കാ ഗാന്ധിയെ എട്ടുകാലി മമ്മൂഞ്ഞാക്കിയിരിക്കുകയാണെന്നും കല്‍പ്പറ്റ എംഎല്‍എ അവകാശവാദത്തിന്റെ വാസ്തവം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും കെ റഫീഖ് പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുമതി നല്‍കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നത് ഭോഷത്തരമാണെന്നും വയനാടിന്റെ വികസനത്തിന് ചെറുവിരല്‍ അനക്കാത്ത കല്‍പ്പറ്റ എംഎല്‍എ രാഹുല്‍ ഗാന്ധിക്ക് ഒരു കുത്ത് കൊടുക്കുക കൂടിയാണ് ചെയ്തതെന്നും റഫീഖ് പറഞ്ഞു.
'രാഹുല്‍ എംപിയായിരുന്നപ്പോള്‍ ഇതൊന്നും നടക്കാത്തത് എന്താണെന്ന് സാമാന്യ ജനങ്ങള്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലല്ലോ. വയനാട് മെഡിക്കല്‍ കോളേജില്‍ അധ്യായനം ആരംഭിക്കാനുളള എല്ലാ ഇടപെടലുകളും നടത്തിയത് കേരള സര്‍ക്കാരാണ്. അതിനായുളള ഭൗതിക സൗകര്യം ഒരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. എന്‍എംസിക്ക് തൃപ്തികരമായ നിലയില്‍ ഇതുവരെ കാര്യങ്ങള്‍ ഏകോപിപ്പിച്ചതും ആസൂത്രണം ചെയ്തതും സംസ്ഥാന സര്‍ക്കാരാണ്. നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഒ ആര്‍ കേളുവും ആണ്. കല്‍പ്പറ്റ എംഎല്‍എയെപ്പോലുളളവര്‍ തളളിമറിച്ച് ഓവറാക്കുമ്പോള്‍ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്ന് മറക്കരുത്.'- കെ റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
കെ റഫീഖിന്റെ കുറിപ്പ്
വയനാട് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുമതി കിട്ടിയതുമായി ബന്ധപ്പെട്ട് കൽപ്പറ്റ എംഎൽഎ പ്രിയങ്ക ഗാന്ധി എം പിയെ എട്ടുകാലി മമ്മൂഞ്ഞ് ആക്കിയിരിക്കുകയാണ്. കൽപറ്റ എംഎൽഎയുടെ അവകാശ വാദത്തിൻ്റെ വാസ്തവം ഒന്ന് പരിശോധിക്കുന്നത് നന്നാവും.
വയനാട് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ അനുമതി ലഭ്യമായിരിക്കുകയാണ്. 2025 ജൂൺ 23ന് നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ വിദഗ്ധ സംഘം വയനാട് മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. 2025 ജനുവരി 18 ന് സംസ്ഥാന സർക്കാർ നൽകിയ കത്ത് പ്രകാരമായിരുന്നു വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തിയത്. ഇതിനിടയിൽ വയനാട് മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്സ് പുതിയ അധ്യയന വർഷം തുടങ്ങുന്നതിനായുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൻ്റെ ഫണ്ടിൽ നിന്നും 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ നിലയിൽ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുകയും തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷം മെഡിക്കൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന നിലയിൽ എംബിബിഎസ് കോഴ്സിന് അനുമതി നൽകുകയായിരുന്നു.
ഈ നടപടിക്രമങ്ങൾക്ക് മുമ്പായി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ കൺസെൻ്റ് ഓഫ് അഫിലിയേഷൻ വയനാട് മെഡിക്കൽ കോളേജിന് ലഭിച്ചിരുന്നു. ഇതിന് മുമ്പായി തന്നെ വയനാട് മെഡിക്കൽ കോളേജിന് ആവശ്യമായ അധ്യാപക-അനധ്യപക തസ്തികകൾ അടക്കം സൃഷ്ടിച്ച് നിയമനം നടത്തിയാണ് സംസ്ഥാന സർക്കാർ നിലവിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ചത് സംസ്ഥാന സർക്കാരാണ്. ഏറ്റവും ഒടുവിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ വിദഗ്ധ സംഘം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ ആശുപത്രി വികസന സമിതി അടക്കം നടത്തിയ ഇടപെടലുകൾ എടുത്ത് പറയേണ്ടതാണ്.
വാസ്തവം ഇതായിരിക്കെ നാഷണൽ മെഡിക്കൽ കമ്മീഷൻ വയനാട് മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുമതി നൽകിയതിൻ്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നത് ഭോഷത്തരമാണ്. വയനാടിൻ്റെ വികസനത്തിന് ചെറുവിരൽ അനക്കാത്ത കൽപ്പറ്റ എംഎൽഎ എൻഎംസിയുടെ വരവിനെയും അനുമതിയെയും പ്രിയങ്ക ഗാന്ധിയുടെ ഇടപെടലായി ചിത്രീകരിച്ചത് കണ്ടു. പ്രിയങ്ക ഗാന്ധി പോലും സ്വപ്നത്തിൽ വിചാരിക്കാത്ത നിലയിലാണ് കൽപറ്റ എംഎൽഎ വയനാട് എം പിയെ എട്ടുകാലി മമ്മൂഞ്ഞ് ആക്കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ സന്ദർശിച്ചു എന്ന് ചൂണ്ടിക്കാണിച്ച് ആഗസ്റ്റ് 21ന് പ്രിയങ്ക ഗാന്ധി എം പി പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റാണ് കൽപ്പറ്റ എം പി പ്രിയങ്ക ഗാന്ധിയെ എട്ടുകാലി മമ്മൂഞ്ഞ് ഇമേജിൽ പെടുത്തിയിരിക്കുന്നത്.
ജൂൺ 23നായിരുന്നു വയനാട് മെഡിക്കൽ കോളേജിൽ നാഷണൽ ഹെൽത്ത് കമ്മീഷൻ ഫിസിക്കൽ പരിശോധിച്ചത്. ആഗസ്റ്റിലാണ് ഓൺലൈൻ പരിശോധന നടന്നത്. ഇത്തരം നടപടിക്രമങ്ങളെല്ലാം മുൻപേ കഴിഞ്ഞതും നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനമറിയിക്കാനുള്ള തീയ്യതി ഷെഡ്യൂൾ ചെയ്തതുമാണ്. NMC/UG/2025-26/000039 നമ്പർ പ്രകാരം നാഷണൽ മെഡിക്കൽ കമ്മീഷന് സമർപ്പിച്ച അപേക്ഷയെ സംബന്ധിച്ചും അതോടനുബന്ധിച്ച് നടന്ന നടപടിക്രമങ്ങളെ സംബന്ധിച്ചുമെല്ലാം അംഗീകാരം നൽകിക്കൊണ്ട് ലഭിച്ച എൻഎംസിയുടെ കത്തിൽ നിന്ന് വ്യക്തമാവുകയും ചെയ്യും ( കത്തിൻ്റെ പകർപ്പ് ഈ കുറിപ്പിനോടൊപ്പം ചേർക്കുന്നു)
വസ്തുത ഇതായിരിക്കെ, പ്രിയങ്ക ഗാന്ധി ഓഗസ്റ്റ് 21ന് ജെ പി നദ്ദയെ സന്ദർശിക്കുന്നു.. വെറും പത്ത് ദിവസത്തിനകം പ്രിയങ്കയുടെ ഇടപെടൽ കൊണ്ട് എൻഎംസി അംഗീകാരം നൽകി എന്നാണ് ഇപ്പോൾ കൽപ്പറ്റ എംഎൽഎ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
അതായത് സംസ്ഥാന സർക്കാർ വയനാട് മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളോ സംസ്ഥാനം കത്ത് നൽകിയത് പ്രകാരം എൻഎംസി വിദഗ്ധ പരിശോധനയ്ക്ക് എത്തിയതോ അവർ പരിരോധന നടത്തി അവർ നിഷ്ക്കർഷിച്ച സംവിധാനവും സൗകര്യവും ഉണ്ടെന്നതിൻ്റെ അടിസ്ഥാനത്തിൽ അംഗീകാരം നൽകിയതോ അല്ല എന്ന് കൂടിയാണ് കൽപ്പറ്റ എംഎൽഎ പറഞ്ഞ് വെയ്ക്കുന്നത്. ഇത്തരം സാങ്കേതിക അനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ഒരു എംപിയുടെ ആവശ്യപ്രകാരം എൻഎംസിയെ സ്വാധീനിച്ച് പത്ത് ദിവസം കൊണ്ട് തീരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് കരുതുന്ന കൽപ്പറ്റ എംഎൽഎ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്ന് തന്നെ പറയേണ്ടി വരും. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്ക് സഹായം നൽകാത്ത കേന്ദ്ര സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കാൻ കഴിയാത്ത എംപിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന് കൽപ്പറ്റ എംഎൽഎ ഒരു പക്ഷെ മറന്ന് പോയതാകാം.
എന്തായാലും രാഹുൽ ഗാന്ധിക്ക് ഒരു കുത്ത് കൂടിയാണ് കൽപ്പറ്റ എംഎൽഎ കൊടുത്തിരിക്കുന്നത്. രാഹുൽ എം പി ആയിരുന്നപ്പോൾ ഇതൊന്നും നടക്കാത്തത് എന്താണെന്ന് സാമാന്യജനങ്ങൾ ചിന്തിച്ചാൽ കുറ്റം പറയാൻ കഴിയില്ലല്ലോ?
എന്തായാലും വയനാട് മെഡിക്കൽ കോളേജിൽ മെഡിക്കൽ അധ്യയനം ആരംഭിക്കാനുള്ള എല്ലാ ഇടപെടലും നടത്തിയത് കേരള സർക്കാരാണ്. അതിനായുള്ള ഭൗതിക സൗകര്യം ഒരുക്കിയത് സംസ്ഥാന സർക്കാരാണ്. എൻഎംസിക്ക് തൃപ്തികരമായ നിലയിൽ ഇതുവരെ കാര്യങ്ങൾ ഏകോപിപ്പിച്ചതും ആസൂത്രണം ചെയ്തതും സംസ്ഥാന സർക്കാരാണ്... നേതൃത്വം നൽകിയത് ആരോഗ്യ മന്ത്രി വീണാ ജോർജ്ജും സ്ഥലം എം എൽ എ കൂടിയായ മന്ത്രി ഓ ആർ കേളുവും ആണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങൾ. കൽപ്പറ്റ എംഎൽഎയെ പോലുള്ളവർ തള്ളിമറിച്ച് ഓവറാക്കുമ്പോൾ ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് മറക്കരുത്.
പ്രധാനമന്ത്രിയുടെ ഫോട്ടോ വെച്ച് ബിജെപിക്കാർ നടത്തുന്ന പ്രചാരണം മറുപടി പോലും അർഹിക്കുന്നില്ല. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരു കൈ സഹായം പോലും നൽകാത്ത കേന്ദ്ര സർക്കാരിൻ്റെ പേരിൽ നടക്കുന്ന പ്രചാരണം അവരെ നോക്കി പല്ലിളിക്കുന്നുണ്ടെന്നെങ്കിലും ബിജെപി നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്.
Content Highlights: k rafeeq against t siddique praising priyanka gandhi for wayanad medical college