
മൂന്നാര്‍: അധ്യാപകനെതിരായ വ്യാജ പീഡന പരാതിയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം നേതാവ് എസ് രാജേന്ദ്രന്‍ രംഗത്ത്. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുമായി തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ല എന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്. പരാതികള്‍ നല്‍കിയതോടെ അധ്യാപകന്‍ ക്രൂരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് പരാതിക്കാര്‍ തന്നെ സമീപിച്ചത് എന്നും അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്നത്തെ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു എന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലെ വ്യാജ പീഡന പരാതി തയ്യാറാക്കിയത് എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണ് എന്ന് ആനന്ദ് വിശ്വനാഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം.
'പരാതി നല്‍കിയത് പാര്‍ട്ടിയോ എംഎല്‍എ ഓഫീസോ അല്ല. അവര്‍ മൊഴി കൊടുത്തത് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരാതി നല്‍കിയതിന് ശേഷം ആനന്ദ് ക്രൂരമായി പെരുമാറിയതിന് പിന്നാലെയാണ് കുട്ടികള്‍ എന്നെ വന്ന് കണ്ടത്. ആനന്ദ് കുട്ടികളോട് പരീക്ഷയില്‍ തോല്‍പ്പിക്കും എന്നടക്കം പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ അന്നത്തെ പ്രിന്‍സിപ്പലിനെ കാണുകയും കുട്ടികളോട് ധൈര്യമായിരിക്കാന്‍ പറയുകയും ചെയ്തിരുന്നു.' എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകനെ കോടതി വെറുതെ വിടുകയായിരുന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചതിനാണ് എസ്എഫ്ഐ അനുഭാവികളായ വിദ്യാര്‍ത്ഥിനികള്‍ തനിക്കെതിരെ പരാതി നല്‍കിയതെന്ന് ആനന്ദ് വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു. '2014 ഓഗസ്റ്റിലാണ് എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടന്നത്. ഹാളില്‍ നടന്ന കോപ്പിയടി കൈയോടെ പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡന പരാതി നല്‍കുകയായിരുന്നു. ഒരു പതിറ്റാണ്ടിലേറെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച വേദന വളരെ വലുതായിരുന്നു. ഒടുക്കം കോടതി വെറുതെ വിട്ടതിന്റെ ആശ്വാസമാണ് ഇപ്പോഴുള്ളത്. ലോകത്ത് ഒരു അധ്യാപകനും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരരുതേ എന്നേ എനിക്ക് പറയാനുള്ളു.' ആനന്ദ് വിശ്വനാഥന്‍ പറഞ്ഞു. തന്നെ കുടുക്കാന്‍ കോളേജ് പ്രിന്‍സിപ്പലും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കമുള്ളവരും കൂട്ടുനിന്നു എന്നും ആനന്ദ് വിശ്വനാഥന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയാണ് എസ് രാജേന്ദ്രന്‍ നല്‍കിയത്.
വിദ്യാര്‍ത്ഥിനികള്‍ പരാതി തയ്യാറാക്കിയത് മൂന്നാറിലെ സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വെച്ചാണെന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Content Highlight; Fake harassment complaint for plagiarism; S Rajendran reacts