
തമിഴ് സിനിമയിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് വെട്രിമാരൻ. ആടുകളം, വിടുതലൈ, വിസാരണൈ, അസുരൻ, തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളിൽ സ്ക്രിപ്റ്റ് ഇല്ലാതെയാണ് അഭിനേതാക്കൾ അഭിനയിക്കുന്നതെന്ന് പറയുകയാണ് വെട്രിമാരൻ. ഇടയിൽ ഇടയ്ക്ക് സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുന്നതിനാൽ സ്ക്രിപ്റ്റ് കൊടുക്കാറില്ലെന്നും അതിനാൽ ആവാം പലരും താനുമായി സഹകരിക്കാത്തതെന്നും വെട്രിമാരൻ പറഞ്ഞു. അതിൽ നിരാശ ഇല്ലെന്നും താൻ ആ ശീലം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഒരു ആർട്ടിസ്റ്റിനും പടത്തിന്റെ സ്ക്രിപ്റ്റ് കൊടുക്കാറില്ല. സ്ക്രിപ്റ്റില്ലാതെയാണ് എല്ലാവരും എന്റെ പടത്തിൽ അഭിനയിക്കുന്നത്. കഥ പോലും അറിയാതെയാണ് അഭിനയിക്കുന്നതെന്ന് എന്നൊന്നും പറയാനാകില്ല. കഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടാകും. എന്താണ് ഷൂട്ട് ചെയ്യുകയെന്നതിനെക്കുറിച്ചും അറിവുണ്ടാകും.
പക്ഷേ, ഷോട്ട് എടുക്കുന്നതിന് മുമ്പായിരിക്കും ഞാൻ ഡയലോഗിൽ മാറ്റം വരുത്തുന്നത്. അത് പലർക്കും പ്രശ്‌നമായിരിക്കും. വലിയ സീനുകളെക്കുറിച്ച് ഞാൻ ആദ്യമേ വിശദമായി പറഞ്ഞിട്ടുണ്ടാകും. ചെറിയ സീനുകളൊന്നും വിവരിക്കാറില്ല. എന്റെ അറിവിൽ പല സംവിധായകരും ഇതേ രീതിയാണ് പിന്തുടരുന്നത്. എന്റെ മിക്ക സ്ക്രിപ്റ്റുകളും മിനിമം 400 പേജൊക്കെയുണ്ടാകും. ഇത്രയും എഴുതണം എന്നുള്ള ചിന്തയിലല്ല അങ്ങനെ ചെയ്യുന്നത്. ഇടക്കിടെ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണമാണ്. ബോളിവുഡിലും ഒരുകാലത്ത് അങ്ങനെയായിരുന്നു. ഒരു സംവിധായകൻ വലിയൊരു നടനെ വെച്ച് സിനിമ ചെയ്തപ്പോൾ അയാൾ 'സ്ക്രിപ്റ്റെവിടെ' എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഷൂട്ട് തീർന്നപ്പോഴാണ് ആ സ്റ്റാറിന് സ്ക്രിപ്റ്റ് കൊടുത്തത് എന്നൊരു കഥ കേട്ടിട്ടുണ്ട്.
എഴുതി തുടങ്ങുമ്പോൾ വെറും 150 പേജൊക്കെയേ ഉണ്ടാകൂ. അത് പിന്നീട് വികസിക്കുന്നതാണ്. എന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഒരിക്കലും വിശ്വസിക്കരുതെന്ന് പലരോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഈ രീതിയുമായി സഹകരിക്കാൻ കഴിയുന്നവരാണ് എന്റെ ഒപ്പം വർക്ക് ചെയ്യുന്നത്. എന്നാൽ ഇതുമായി പൊരുത്തപ്പെട്ട് പോകാനാകാത്ത ചില നടന്മാരുണ്ട്. അവർ എന്റെ കൂടെ വർക്ക് ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിരാശയില്ല. ഞാൻ ആ ശീലം മാറ്റാനും പോകുന്നില്ല,' വെട്രിമാരൻ പറഞ്ഞു.
Content Highlights: Vetrimaaran says there are actors who can't adapt to his work style