
ദുബൈ: യു.എ.എയിൽ അരങ്ങേറുന്ന ത്രിരാഷ്ട്ര പരമ്പരയിൽ അഫ്ഗാനിസ്താന് മിന്നും ജയം. പാകിസ്താനെ 18 റൺസിനാണ് റാഷിദ് ഖാനും സംഘവും തകർത്തത്. അഫ്ഗാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താന് 151 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇബ്രാഹിം സദ്‌റാനാണ് മാൻ ഓഫ് ദ മാച്ച്.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സെദീഖുള്ള അതാലിന്റേയും ഇബ്രാഹിം സദ്‌റാന്റേയും മികവിൽ ടീം സ്‌കോര്‍ബോര്‍ഡില്‍ 169 റണ്‍സ് ചേര്‍ത്തു. അതാൽ 45 പന്തിൽ നിന്ന് 64 റൺസടിച്ചെടുത്തപ്പോൾ സദ്‌റാൻ 45 പന്തിൽ നിന്ന് 65 റൺസ് സ്‌കോർ ചെയ്തു.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാന്റെ സ്പിൻ കുഴിയിൽ പാകിസ്താൻ കറങ്ങി വീഴുകയായിരുന്നു. 34 റൺസെടുത്ത ഹാരിസ് റഊഫാണ് ടീമിന്റെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച റഊഫ് ടീമിനെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും 18 റൺസകലെ പാക് പട വീണു. അഫ്ഗാനായി റാഷിദ് ഖാൻ, നൂർ അഹ്‌മദ്, മുഹമ്മദ് നബി, ഫസലുൽ ഹഖ് ഫാറൂഖി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.