വിശ്വാസികളെ കൂട്ടി വർഗീയതയെ ചെറുക്കും; ഇന്നലെയും ഇന്നും നാളെയും സിപിഐഎം വിശ്വാസികൾക്കൊപ്പം: എം വി ഗോവിന്ദൻ

വിശ്വാസികള്‍ക്ക് വിശ്വാസികളുടെ നിലപാടും അവിശ്വാസികള്‍ക്ക് അവിശ്വാസികളുടെ നിലപാടും സ്വീകരിക്കാം

വിശ്വാസികളെ കൂട്ടി വർഗീയതയെ ചെറുക്കും; ഇന്നലെയും ഇന്നും നാളെയും സിപിഐഎം വിശ്വാസികൾക്കൊപ്പം: എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസികള്‍ ഉള്ള സമൂഹമാണിത്. കമ്മ്യൂണിസ്റ്റുകാരില്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസികള്‍ക്ക് വിശ്വാസികളുടെ നിലപാടും അവിശ്വാസികള്‍ക്ക് അവിശ്വാസികളുടെ നിലപാടും സ്വീകരിക്കാം. അമ്പലത്തില്‍ പോകേണ്ടവര്‍ക്ക് പോകാം പോകേണ്ടാത്തവര്‍ പോകേണ്ട. സിപിഐഎമ്മിന് ആഗോള അയ്യപ്പ സംഗമത്തിന് ഒപ്പമുള്ള നിലപാടാണ്. താത്വിക അവലോകനത്തിന് താന്‍ പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അടഞ്ഞ അധ്യായം എന്നല്ല താന്‍ പറഞ്ഞത്. വര്‍ഗീയതയ്ക്ക് എതിരായിരിക്കും ആഗോള അയ്യപ്പ സംഗമം. വിശ്വാസികള്‍ക്ക് അനുകൂലമായിരിക്കും. വിശ്വാസത്തെ വര്‍ഗീയവാദികള്‍ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. വര്‍ഗീയതയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള വലിയൊരു വിഭാഗം വിശ്വാസികളാണ്. വര്‍ഗീയവാദികള്‍ വര്‍ഗീയ നിലപാട് സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട്.
വിശ്വാസികളുടെ ഏത് കൂട്ടായ്മയെയും എതിര്‍ക്കേണ്ടതില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിശ്വാസികളെകൂടി ചേര്‍ത്ത് വര്‍ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗം കൂടിയാണ് സംഗമം. അല്ലാതെ ചിലര്‍ പറയുന്നതുപോലെ വര്‍ഗീയതയ്ക്ക് വളം വെച്ചുകൊടുക്കാനല്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികള്‍ക്കൊപ്പമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും എം വി ഗോവിന്ദന്‍ നിലപാട് കടുപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥ. ഒരു മാധ്യമപ്രവര്‍ത്തക ലോകത്തോട് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ഇനിയും തെളിവുകള്‍ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: global ayyappa sangamam combat racism by bringing together believers mv govindan

dot image
To advertise here,contact us
dot image