ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി സംഘപരിവാര്‍; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി

സർക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണം നടത്തും

ആഗോള അയ്യപ്പ സംഗമത്തിന് ബദലുമായി സംഘപരിവാര്‍; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
dot image

തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമവുമായി സംഘപരിവാർ. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സർക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷൻ ആർ വി ബാബു റിപ്പോർട്ടറിനോട് പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികൾക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആർ വി ബാബു പറഞ്ഞു.

സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയിൽ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നിൽക്കാനാവില്ല. ഇതെല്ലാം പാർട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവർക്കെതിരായ കേസ് സർക്കാർ പിൻവലിക്കട്ടെയെന്നും ആർ വി ബാബു പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും എന്നാൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളിൽ സർക്കാരും ദേവസ്വം ബോർഡും വ്യക്തത വരുത്തേണ്ടതുണ്ട്. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്തി താൽപര്യമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

പരിപാടിയിലേക്ക് വ്യവസ്ഥകളോടെയാണ് പ്രവേശനം. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂവെന്നും നിർദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. 'തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തർക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നൽകാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്' എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. എൻഎസ്എസും എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതിനാല്‍തന്നെ പ്രതിപക്ഷം സംഗമവുമായി സഹകരിച്ചേക്കില്ലെന്നാണ് സൂചന.എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തെ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നു.

Content Highlights: Hindu Aikya Vedi to hold alternative gathering to global Ayyappa sangamam to be held in Sabarimala

dot image
To advertise here,contact us
dot image