
ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്താൻ നയിക്കുന്ന കുതിപ്പുകൾക്ക് തേര് തെളിക്കുന്നവരിൽ പ്രധാനിയാണ് ഓൾ റൗണ്ടർ റാഷിദ് ഖാൻ. ഐപിഎല്ലിലടക്കം മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം നിലവിൽ ടീമിന്റെ നായകൻ കൂടെയാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലിൽ തൊട്ടിരിക്കുകയാണ് റാഷിദ്.
അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് റാഷിദിനെ തേടിയെത്തിയത്. യുഎയിൽ അരങ്ങേറുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ യുഎഇക്കെതിരായ മൂന്ന് വിക്കറ്റ് നേട്ടത്തോടെ താരം ന്യൂസിലാന്റ് ബൗളർ ടിം സൗത്തിയെ മറികടന്നു. ഇന്നലെ പാകിസ്താനെതിരെയും റാഷിദ് രണ്ട് വിക്കറ്റുകൾ പോക്കറ്റിലാക്കിയിരുന്നു. ടി20 ക്രിക്കറ്റിൽ ആകെ 99 മത്സരങ്ങളിൽ നിന്നായി 167 വിക്കറ്റുകളാണ് റാഷിദിന്റെ പേരിലുള്ളത്. 2015 ൽ അഫ്ഗാൻ ജഴ്‌സിയിൽ അരങ്ങേറിയ റാഷിദ് രാജ്യത്തെ എക്കാലത്തേയും മികച്ച കളിക്കാരില്‍ ഒരാളാണ്.
അതേ സമയം ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ബോളര്‍ പോലുമില്ല. 66 മത്സരങ്ങളില്‍ നിന്ന് 99 വിക്കറ്റുകള്‍ സ്വന്തം പേരിലുള്ള അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യക്കായി ടി20 യില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ താരം.