പ്രിയ സഹോദരീ, വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കാര്യമാക്കേണ്ട, ഒറ്റപ്പെടേണ്ടത് വേട്ടക്കാരൻ: റിനി ആൻ ജോർജ്

നീ അല്ല കരയേണ്ടതെന്നും ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണമെന്നും റിനി

പ്രിയ സഹോദരീ, വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കാര്യമാക്കേണ്ട, ഒറ്റപ്പെടേണ്ടത് വേട്ടക്കാരൻ: റിനി ആൻ ജോർജ്
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി മുന്‍ മാധ്യമപ്രവര്‍ത്തകയും യുവ നടിയുമായ റിനി ആന്‍ ജോര്‍ജ്. നീയല്ല വേട്ടക്കാരനാണ് കരയേണ്ടതെന്ന് റിനി പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിനിയുടെ പിന്തുണ.

'അവളോടാണ്. പ്രിയ സഹോദരി. ഭയപ്പെടേണ്ട. വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നത് നീ കാര്യമാക്കേണ്ട. നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്. ഒരു ജനസമൂഹം തന്നെയുണ്ട്. നീ അല്ല കരയേണ്ടത്. നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം. കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്.
നീ പുറത്തു വരൂ. നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയൂ. നീ ഇരയല്ല, ശക്തിയാണ്, അഗ്‌നിയാണ്', റിനി കുറിച്ചു.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കണ്ടെന്നും ആ പെണ്‍കുട്ടി കടുത്ത മാനസിക പ്രശ്‌നത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ പെണ്‍കുട്ടിയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയരുകയായിരുന്നു.

'പരാതി കൊടുക്കണം എന്ന് പല ആവര്‍ത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. അവരുടെ ഐഡന്റിറ്റി വെളിയില്‍ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്. പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍', തുടങ്ങിയ കാര്യങ്ങളായിരുന്നു ലക്ഷ്മി പത്മ വെളിപ്പെടുത്തിയത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങളാണ് സ്പീക്കറെ അറിയിക്കുക. നിയമസഭാ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം.

Content Highlights: Rini ann george supports victim in Rahul Mamkootathil case

dot image
To advertise here,contact us
dot image