
പട്‌ന: വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു രാഹുല്‍ നന്ദി പ്രകടിപ്പിച്ചത്. പട്‌നയിലെ ഗാന്ധിമൈതാനിയില്‍ നടന്ന യാത്രയുടെ സമാപന ചടങ്ങിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
'ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര ചരിത്രമാക്കിയതിന് ലാലു പ്രസാദ് യാദവ് ജി, തേജസ്വി യാദവ് ജി, ദിപന്‍കര്‍ ഭട്ടാചാര്യ ജി, മുകേഷ് ഷാനി ജി, ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍, ഇന്‍ഡ്യാ മുന്നണി ആക്ടിവിസ്റ്റുകള്‍, ബിഹാറിലെ യുവാക്കള്‍ തുടങ്ങിയവരോട് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. ബിഹാറില്‍ വോട്ട് മോഷ്ടിക്കപ്പെടില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. ഞങ്ങള്‍ മുഴുവന്‍ ശക്തിയോടും കൂടി ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് പേരാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന യാത്രയില്‍ പങ്കെടുത്തത്. താന്‍ മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനം ആറ്റം ബോബായിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശമുണ്ടെന്ന് സമാപനത്തിലെ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണമെന്നും വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഒരു എഞ്ചിന്‍ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. വോട്ട്‌മോഷണത്തിലൂടെയുള്ള വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു.
കഴിഞ്ഞ മാസം 17ന് ബിഹാറിലെ സസാറാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങിയത്. ബിഹാറിലെ 20 ജില്ലകളിലൂടെ 1300ലധികം കിലോമീറ്ററാണ് രാഹുലും സംഘവും സഞ്ചരിച്ചത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്.
Content Highlights: Rahul Gandhi thanked for Voter yatra Bihar