രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ വിവരങ്ങള്‍ സ്പീക്കര്‍ക്ക് കൈമാറും

നിയമസഭാ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; അന്വേഷണ വിവരങ്ങള്‍ സ്പീക്കര്‍ക്ക് കൈമാറും
dot image

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങളാണ് സ്പീക്കറെ അറിയിക്കുക. നിയമസഭാ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുപ്രവര്‍ത്തകന്‍ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. നാല് മാസം വളര്‍ച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യല്‍മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.

Content Highlights: Crime branch will submit report to speaker on Rahul Mamkoottathil case

dot image
To advertise here,contact us
dot image