ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം ഹൈന്ദവ വോട്ട് സമാഹരണം: ഡോ. കെ എസ് രാധാകൃഷ്ണൻ

അയ്യപ്പഭക്തരെ ആവോളം ചൂഷണം ചെയ്യാനും സര്‍ക്കാര്‍ മടിക്കുന്നില്ലെന്നും കെ എസ് രാധാകൃഷ്ണൻ

ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം ഹൈന്ദവ വോട്ട് സമാഹരണം: ഡോ. കെ എസ് രാധാകൃഷ്ണൻ
dot image

കൊച്ചി: പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനിരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണന്‍. ഹൈന്ദവ വോട്ട് സമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍ വിമർശിച്ചു. ശബരിമലയില്‍ പിണറായിയുടെ സഹായമില്ലാതെത്തന്നെ കോടാനുകോടി ഭക്തര്‍ എത്തുന്നുണ്ട്. അവര്‍ക്ക് വേണ്ട ഒരു സഹായവും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി പോലും യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് അയ്യപ്പഭക്ത സംഗമം നടത്തുന്നതെന്നും കെ എസ് രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.

അയ്യപ്പഭക്തരെ ആവോളം ചൂഷണം ചെയ്യാനും സര്‍ക്കാര്‍ മടിക്കുന്നില്ല. കേരള സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് പോലും അയ്യപ്പ ഭക്തരോട് ഇരട്ടി തുകയാണ് വസൂലാക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വോട്ട് സമാഹരണം തന്നെ എന്നു കരുതുന്നതെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി തന്നെ ഇല്ലാതാകും എന്ന അവസ്ഥയിലാണ് അയ്യപ്പസംഗമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അയ്യപ്പ ഭക്തസംഗമം നടത്താന്‍ തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷേ, പിണറായി സര്‍ക്കാരിന് അതില്‍ സഹകരിക്കാന്‍ അവകാശമില്ല. കാരണം, ശബരിമല ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തി ആ ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് പിണറായിയും അനുചരവൃന്ദവും എന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

സെപ്തംബര്‍ 20 നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം എന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.

ഡോ. കെ എസ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

അയ്യപ്പസംഗമത്തിലെ ഹൈന്ദവ വോട്ട് സമാഹരണം

മാർക്സിസ്റ്റ് പാർട്ടി ഹിന്ദു രാഷ്ട്രീയത്തിലേക്ക് തിരിച്ചു നടക്കുന്നു. കേരള രാഷ്ട്രീയത്തിലെ സ്വാഭാവിക ഹൈന്ദവ

രാഷ്ട്രീയ കക്ഷിയായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. ചരിത്രപരമായി അതിന് അനുകൂലമായ കാരണങ്ങളും ഉണ്ടായിരുന്നു. മലബാറിൽ 1921ലെ ഹിന്ദു വംശഹത്യക്ക് ശേഷം ഹൈന്ദവർ വലിയ രീതിയിലുള്ള

അരക്ഷിതാവസ്ഥ നേരിട്ടു. അന്നത്തെ കോൺഗ്രസ്സ് മാപ്പിള ലഹള എന്ന പേരിൽ അറിയപ്പെടുന്ന ഖിലാഫത് സമരത്തിന് അനുകൂലമായിരുന്നു. ഖിലാഫത് സമരം ഹിന്ദു വംശഹത്യയിൽ എത്തിയപ്പോൾ സമരത്തിൻ്റെ ഉപജ്ഞാതാവായിരുന്ന ഗാന്ധി " മാപ്പിളമാരുടെ ഭ്രാന്ത്" എന്നു പറഞ്ഞ് സമരത്തെ തള്ളിപ്പറഞ്ഞെങ്കിലും കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം അതിനു തയ്യാറായില്ല. വംശഹത്യയ്ക്ക് ഇരയാക്കപ്പെട്ടവരിൽ അവശേഷിച്ചിരുന്നവരുടെ പുന:രധിവാസത്തിന് പോലും ചില സമുദായ സംഘടനകളും സന്നദ്ധ സംഘടനകളും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഈ ഒഴിവിലേക്കാണ്

കമ്മ്യൂണിസ്റ്റ് പാർട്ടി കടന്നു കയറിയത്. ദരിദ്രരും പിന്നാക്കക്കാരുമായ ഹിന്ദുക്കളിൽ മഹാഭൂരിപക്ഷവും അവരുടെ സ്വാഭാവിക രാഷ്ട്രീയ കക്ഷിയായി കമ്മ്യൂണിസ്റ്റ്

പാർട്ടിയെ കരുതുകയും ചെയ്തു. മലബാറിലെ മുസ്ലിംങ്ങളിൽ മഹാഭൂരിപക്ഷവും അന്നും മുസ്ലിം ലീഗിലായിരുന്നു; ഇന്നും അതിന് മാറ്റമില്ല.

തിരുവിതാംകൂറിലെ ക്രൈസ്തവ സഭകൾ സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് സർക്കാരിൻ്റെ കൂടെ ആയിരുന്നു. "ഗാന്ധി എന്താക്കി, ഇന്ത്യ മാന്തി പുണ്ണാക്കി" എന്നായിരുന്നു അക്കാലത്ത് ക്രൈസ്തവ സഭകൾ മുഴക്കിയിരുന്ന മുദ്രവാക്യം. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണത്തിൻ്റെ ആനുകൂല്യവും അവർക്ക് ആവോളം കിട്ടിയിരുന്നു. മതപരിവർത്തനത്തിന് മാത്രമല്ല പള്ളിയും പള്ളിക്കൂടങ്ങളും പണിയാനും അവർക്ക് വിദേശസഹായവും ലഭിച്ചിരുന്നു. 1947 ആഗസ്ത് 14ന് ശേഷം ക്രൈസ്തവർ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു. അതിനിടയിലാണ് 1952 ൽ ശബരിമല തീവെപ്പ്

കേസുണ്ടാകുന്നത്. തീവെപ്പുകേസിലെ കുറ്റാരോപിതർ ക്രൈസ്തവരായിരുന്നു. കോൺഗ്രസ് പാർട്ടി അക്കാര്യത്തിൽ ക്രൈസ്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. സ്വാഭാവികമായും

ഹിന്ദുക്കൾ തിരുവിതാംകൂറിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ

അവരുടെ സ്വാഭാവിക രാഷ്ട്രീയ കക്ഷിയായി കരുതി. "ജനിച്ച ചോകോൻ നശിച്ച നായർ പിഴച്ച നസ്രാണി" എന്നിവർ ചേർന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി എന്ന് മന്നത്ത് പത്മനാഭൻ പരിഹസിച്ചത് എന്നും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്. എന്നാൽ ഈ പരിഹാസത്തെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള ആശ്രയമായി ഇ എം എസ് നമ്പൂതിരിപ്പാട് ഉപയോഗിക്കുകയും ചെയ്തു.

അതുകൊണ്ടാണ് തൊഴിലാളിവർഗ്ഗ താല്പര്യത്തിൽ തുടങ്ങുന്ന ഇ എം എസിൻ്റെ പ്രസംഗങ്ങൾ "ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ" താല്പര്യങ്ങൾ പറഞ്ഞു കൊണ്ട്

അവസാനിച്ചിരുന്നത്. അങ്ങനെയാണ് 1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർ ജയിച്ചത്.

എന്നാൽ, ചിലപ്പോഴൊക്കെ മുസ്ലിം മതവികാരത്തെ വോട്ടിന് വേണ്ടി ഉപയോഗിക്കാനും ഇ എം എസിന്

കഴിഞ്ഞിട്ടുണ്ട്. ഇറാഖിലെ സദ്ദാം ഹുസൈനെ അമേരിക്ക

വധിച്ചപ്പോൾ "ഞങ്ങൾ സദ്ദാമിൻ്റെ കൂടെ, നിങ്ങൾ ആരുടെ

കൂടെ" എന്നു ചോദിച്ചു കൊണ്ട് 14 ജില്ലാ കൗൺസിലുകളിൽ13ഉം മാർക്സിസ്റ്റ് പാർട്ടി പിടിച്ചടക്കി. മുസ്ലിം മതവികാരത്തെ മാത്രമല്ല ഹൈന്ദവ വികാരത്തേയും തരം പോലെ ഉപയോഗിക്കാൻ

നമ്പൂതിരിക്കറിയാമായിരുന്നു. ഷാബാനു കേസിൽ കോടതി വിധി അംഗീകരിക്കണമെന്ന് നമ്പൂതിരിപ്പാട് പറഞ്ഞു. മുത്തലാഖ് പാടില്ല എന്നു മാത്രമല്ല നാല് കെട്ടുന്നതും നിരോധിക്കണമെന്ന നിലപാടും സ്വീകരിച്ചു.

അതിൽ ക്ഷുഭിതരായ മുസ്ലീങ്ങൾ "രണ്ടും കെട്ടും നാലും കെട്ടും ഇഎമ്മിൻ്റെ ഓളേം കെട്ടും" എന്ന മുദ്രാവാക്യം വിളിച്ചാണ് അതിൽ പ്രതിഷേധിച്ചത്. മുസ്ലീങ്ങൾ സംഘടിതരായി യു ഡി എഫിനൊപ്പം നിൽക്കുകയും ചെയ്തു. തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ

ഹൈന്ദവർ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു.

സ്വത്ത്വ രാഷ്ട്രീയത്തിൻ്റെ കാലം വന്നപ്പോൾ മുസ്ലീം വർഗ്ഗീയതക്ക് ഒപ്പം പാർട്ടി ചേർന്നു. അതൊരു പരീക്ഷണമായിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിനെ പിൻതുണക്കണമെന്നും പൊളിറ്റിക്കൽ ഹിന്ദുവിനെ ഒറ്റപ്പെടുത്തണം എന്നും പാർട്ടി നിലപാട്

എടുത്തു. എന്താണ് പൊളിറ്റിക്കൽ ഇസ്ലാം? ലോകം ശരിയത്ത് നിയമപ്രകാരം ഭരിക്കപ്പെടണം. എവിടെയെല്ലാം

മുസ്ലീങ്ങൾ ന്യൂനപക്ഷമാണോ അവിടെയെല്ലാം മുസ്ലീങ്ങൾ

അടിച്ചമർത്തപ്പെടുന്നു. മുസ്ലീങ്ങൾ ഭൂരിപക്ഷമാകുകയും അവർക്ക് ഭരണം ലഭിക്കുകയും ചെയ്താലെ മുസ്ലീങ്ങൾക്ക് നീതി ലഭിക്കു. അതുകൊണ്ട് മുസ്ലിമിൻ്റെ മതസ്വത്ത്വം സംരക്ഷിക്കുന്നതിനായി മുസ്ലിങ്ങൾ മതാടിസ്ഥാനത്തിൽ സംഘടിച്ച് രാഷ്ട്രീയ ശക്തിയായി മാറണം. ഇന്ത്യയിൽ മുസ്ലീങ്ങൾ ന്യൂനപക്ഷമാണ്. അവർ ചൂഷണം ചെയ്യപ്പെടുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംഘടിച്ചു രാഷ്ട്രീയ ശക്തിയായി മാറിയാൽ മാത്രമെ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കുകയുള്ളു. ഈ സിദ്ധാന്തത്തെ സഹായിക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കണം. യു ഡി എഫും കോൺഗ്രസ്സും മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇതിനെ പിന്തുണച്ചു. അതിൻ്റെ ഫലമായി മദനിയും മൗദൂദിയും കമ്മ്യൂണിസ്റ്റുകാർക്ക് ഒപ്പം ചേർന്നു. അങ്ങനെയാണ് പി ഡി പിയും പോപ്പുലർ ഫ്രണ്ടും സിമിയും ജമാഅത്തെ ഇസ്‌ലാമിയുമായി കമ്മ്യൂണിസ്റ്റുകാർ കൂട്ടുകെട്ടുണ്ടാക്കിയത്. അതിൻ്റെ മൂർദ്ധന്യത്തിലാണ്

ശബരിമല ആചാരലംഘനത്തിനായി പാർട്ടി പടയണി നടത്തിയത്. ശബരിമലയെ തകർക്കാനുള്ള ഏത് നീക്കത്തനും മതന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടുമെന്നും പാർട്ടി കണക്ക് കൂട്ടിയിരുന്നു.

ഈ കൂട്ടുകെട്ട് പരമ്പാരാഗത പാർട്ടി വോട്ടിൻ്റെ അടിത്തറയിൽ വിള്ളലുണ്ടാക്കി. ഈഴവരാദി പിന്നാക്കക്കാർ പാർട്ടിയിൽനിന്നും അകലുന്നു എന്നു തിരിച്ചറിഞ്ഞു. മതന്യൂനപക്ഷങ്ങൾ പാർട്ടിയിലേക്ക് എത്തിയുമില്ല. മതന്യൂനപക്ഷങ്ങൾ അവരുടെ സ്വാഭാവിക രാഷ്ട്രീയ കക്ഷിയായി യു ഡി എഫിനെയാണ് കണ്ടത്. അതുകൊണ്ട് അവർ സംഘം ചേർന്നു യു ഡി എഫിനെ വിജയിപ്പിച്ചു. ഈ പോക്ക് പോയാൽ പാർട്ടി തന്നെ ഇല്ലാതാകും എന്ന അവസ്ഥയിൽ എത്തി. ഈ ഘട്ടത്തിലാണ് പമ്പയിലെ അയ്യപ്പ സംഗമവുമായി പാർട്ടി രംഗത്ത് എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് അയ്യപ്പ ഭക്തസംഗമം നടത്താൻ തീർച്ചയായം അവകാശമുണ്ട്. പക്ഷേ, പിണറായി സർക്കാരിന് അതിൽ സഹകരിക്കാൻ അവകാശമില്ല. കാരണം, ശബരിമല ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി ആ ക്ഷേത്രത്തെ തകർക്കാൻ ശ്രമിച്ചവരാണ് പിണറായിയും അനുചരവൃന്ദവും. ശബരിമലയിൽ ആചാരലംഘനം നടത്തണം എന്ന അഭിപ്രായമാണ് തങ്ങളുടേത് എന്ന് പ്രതിജ്ഞ ചെയ്തു പിണറായി സുപ്രീം കോടതിയിൽ സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ, പിണറായി സർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥത അവശേഷിക്കുന്നുണ്ട് എങ്കിൽ സുപ്രീം കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലം പിൻവലിച്ച് അയപ്പഭക്തന്മാരോട് മാപ്പുപറയണം. അതാണ് മര്യാദ.

ശബരിമലയിൽ പിണറായിയുടെ സഹായമില്ലാതെ തന്നെ

കോടാനുകോടി ഭക്തർ എത്തുന്നുണ്ട്. അവർക്ക് വേണ്ട ഒരു സഹായവും ഈ സർക്കാർ ചെയ്തിട്ടില്ല. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി പോലും യാതൊന്നും ചെയ്യാത്ത സർക്കാരാണ് അയപ്പഭക്ത സംഗമം നടത്തുന്നത്. ഇവർക്ക് വേണ്ടി യാതൊരു സഹായവും ചെയ്യുന്നില്ല എന്നു മാത്രമല്ല അവരെ ആവോളം ചൂഷണം ചെയ്യാനും സർക്കാർ മടിക്കുന്നില്ല. കേരള സർക്കാർ ടാൻസ്പോർട്ട് ബസ് പോലും അയ്യപ്പ ഭക്തരോട് ഇരട്ടി തുകയാണ് വസൂലാക്കുന്നത്. അതുകൊണ്ടാണ് സർക്കാർ ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വോട്ടു സമാഹരണം തന്നെ എന്നു കരുതുന്നത്.

Content Highlights: Government aiming Hindu Vote through Global Ayyappa Sangamam Criticize KS Radhakrishnan

dot image
To advertise here,contact us
dot image