
മലപ്പുറം: തെയ്യാലയിൽ കാർ ആക്രമിച്ച് രണ്ടുകോടി തട്ടിയ കേസിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് സംഘം പ്രതിയേയും കൊണ്ട് പന്താരങ്ങാടിയിലെ വീട്ടിലെത്തി പട്ടിക്കൂട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പണം കണ്ടെടുത്തു.
മറ്റൊരു പ്രതി അബ്ദുൽ കരീമിന്റെ വീട്ടിൽ നിന്ന് ആറ് ലക്ഷം രൂപയും രജീഷിന്റെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ രണ്ട് കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്.
വിദേശത്ത് നടന്ന ഇടപാടുമായി ബന്ധപ്പെട്ട പണവുമായി കാറിൽ വരുമ്പോഴാണ് ആക്രമണമുണ്ടായത്. നാലുപേർ ചേർന്ന് മാരകായുധങ്ങളുമായി കാർ അടിച്ചുതകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നെടുക്കുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം സംഘം ഓഗസ്റ്റ് 16-ന് ഗോവയിലേക്ക് കടക്കുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഘത്തിനെ പിന്തുടർന്ന് അന്വേഷണ സംഘം ഗോവയിൽ എത്തിയിരുന്നു. പിന്നീട് തിരിച്ച് വരുന്ന വഴിലാണ് കോഴിക്കോട് വെച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
Content Highlights: quotation team kept reward in a dog cage in case of car attack and extortion of 2 crore