
കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളിലെ വിചാരണയില്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി. കേസിലെ തെളിവായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്ന് സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ഉപയോക്താക്കള്‍ക്ക് വില്‍ക്കാനായി അശ്ലീല വീഡിയോ കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിന് പിടിയിലായ കടക്കാരനെയാണ് ഹൈക്കോടതി 27 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കിയത്. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പിടിച്ചെടുത്ത വീഡിയോ കാസറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന വാദം അംഗീകരിച്ചാണ് നടപടി. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ നേരിട്ടു പരിശോധിച്ച് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാസറ്റുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ട് എന്നത് ഇന്ത്യന്‍ തെളിവു നിയമം അനുസരിച്ച് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കി.
1997ലാണ് കോട്ടയം കൂരോപ്പടയില്‍ ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസറ്റ് കടയില്‍ നിന്ന് പൊലീസ് 10 കാസറ്റുകള്‍ പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത കാസറ്റുകളില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു കേസ്. അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതോ, വിതരണം ചെയ്യുന്നതോ, വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292 വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. തുടര്‍ന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി ഇയാളെ രണ്ട് വര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും വിധിച്ചു. വിധിക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ പകുതിയാക്കി കുറയ്ക്കുക മാത്രമാണ് ചെയ്തത്. അങ്ങനെ ശിക്ഷ ഒരു വര്‍ഷം തടവും, 1000 രൂപ പിഴയുമായി കുറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഏഴ് സാക്ഷികളുള്ള കേസില്‍ ഒന്നും രണ്ടും സാക്ഷികള്‍ക്കൊപ്പം ഏഴാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ കാസറ്റുകള്‍ കടയിലിട്ട് കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണത്തിനിടയില്‍ തഹസീല്‍ദാര്‍ വീഡിയോ കാസറ്റുകള്‍ കാണുകയും ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Content Highlights: Trial court judges should be convinced by seeing the footage in cases involving the obscene videos