
തിരുവനന്തപുരം: മെസിയും അര്‍ജന്റീന ടീമും വരുന്നത് കേരളത്തിന് അഭിമാനമുളള കാര്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെസി നമ്മുടെ നാട്ടിലേക്ക് വരുന്നത് ഏറെ സന്തോഷമുളള കാര്യമാണെന്നും കുട്ടികളടക്കമുളളവര്‍ വലിയ ആവേശത്തിലാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ ടൂറിസം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും ഇഷ്ടമുളള താരം മറഡോണയാണെന്നും ഇപ്പോഴത്തെ കളിക്കാരില്‍ ഏറ്റവും ഇഷ്ടം മെസിയെയും റൊണാള്‍ഡോയെയും ആണെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മെസിയുടെ കേരള സന്ദർശന വാർത്ത, വരില്ലെന്ന് കളിയാക്കിയവര്‍ക്കുള്ള ചുട്ട മറുപടിയാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. മെസിയുടെ കേരള സന്ദര്‍ശനം കേരളത്തിന്റെയും ഇന്ത്യയുടെയും മഹാഭാഗ്യമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. മെസിയും അര്‍ജന്റീനയുമായുള്ള അഭിമുഖത്തിന് ദേശീയ- സംസ്ഥാന ഫുട്ബോള്‍ താരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും മെസിയുടെ വരവ് കായിക കേരളത്തിന് വമ്പിച്ച ഉണര്‍വേകുമെന്നും മന്ത്രി പറഞ്ഞിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്നും ടീമിൻ്റെ എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങൾക്കും ഡിവൈഎഫ്ഐ മുന്നിലുണ്ടാകുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 23-നാണ് ലയണൽ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചത്. നവംബർ 10 നും 18നും ഇടയിലുള്ള തീയതികളിൽ മെസി അടങ്ങുന്ന അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് എഎഫ്എ അറിയിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതായത്.
2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
Content Highlights: Messi and Argentina team's kerala visit is a pride, it will help tourism growth says kn balagopal