മെസ്സിയുടെ കേരള സന്ദര്‍ശനം; വരില്ലെന്ന് കളിയാക്കിയവര്‍ക്കുള്ള ചുട്ടമറുപടി ലഭിച്ചെന്ന് വി ശിവന്‍കുട്ടി

'മെസ്സിയുടെ കേരള സന്ദര്‍ശനം കേരളത്തിന്റെയും ഇന്ത്യയുടെയും മഹാഭാഗ്യം'

dot image

തിരുവനന്തപുരം: മെസ്സി കേരളത്തിലേക്ക് വരുമെന്ന അര്‍ജന്റീനയുടെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ മെസ്സി വരില്ലെന്ന് കളിയാക്കിയവര്‍ക്കുള്ള ചുട്ടമറുപടി ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മെസ്സിയുടെ കേരള സന്ദര്‍ശനം കേരളത്തിന്റെയും ഇന്ത്യയുടെയും മഹാഭാഗ്യമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മെസ്സിയും അര്‍ജന്റീനയുമായുള്ള അഭിമുഖത്തിന് ദേശീയ- സംസ്ഥാന ഫുട്ബോള്‍ താരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും മെസ്സിയുടെ വരവ് കായിക കേരളത്തിന് വമ്പിച്ച ഉണര്‍വേകുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കാല്‍പന്തുകളിയുടെ മിശിഹാ ലയണല്‍ മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയത്. നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല എന്ന രീതിയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഈ പ്രചാരണങ്ങള്‍ തെറ്റായിരുന്നു എന്ന് വ്യക്തമാകുന്ന നിലയിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാന്‍ഡ, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

Content Highlight; V Sivankutty: Messi’s visit is a great blessing for Kerala and India

dot image
To advertise here,contact us
dot image