
മണ്ണാര്‍ക്കാട്: തത്തേങ്ങലം വനത്തിലെ കല്ലംപാറയില്‍ കുടുങ്ങിയ മൂന്നു യുവാക്കളെ രക്ഷപ്പെടുത്തി. തച്ചനാട്ടുകര സ്വദേശികളായ ഷമീല്‍, ഇര്‍ഫാന്‍, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് അധികൃതരെത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ടാണ് മൂന്ന് യുവാക്കള്‍ മലയില്‍ കുടുങ്ങിയത്. രാത്രി പത്തേകാലോടെ മൂവരെയും തത്തേങ്ങലത്തുള്ള വനംവകുപ്പിന്റെ ക്യാമ്പിലെത്തിച്ചു. വൈകീട്ട് ഏഴിനാണ് യുവാക്കള്‍ കല്ലംപാറയില്‍ കുടുങ്ങിയത് നാട്ടുകാര്‍ അറിയുന്നത്.
കല്ലംപാറയില്‍നിന്ന് മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിക്കുന്നതും കൂവിവിളിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയും വനംവകുപ്പ് അധികൃതരും ആര്‍ആര്‍ടിയും രാത്രി എട്ടരയോടെ ഇവര്‍ക്ക് സമീപമെത്തുകയുമായിരുന്നു.
തത്തേങ്ങലം ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപത്തുള്ള വിജനമായ വഴിയിലൂടെയാകാം യുവാക്കള്‍ വനത്തില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. വനത്തിലൂടെ കുത്തനെയുള്ള കയറ്റം കയറിയാണ് കല്ലംപാറയിലെത്തുക. കല്ലംപാറയ്ക്ക് മുകളില്‍ കയറാനും ഇറങ്ങാനും ഒരുവഴി മാത്രമേയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപരിചിതര്‍ക്ക് പെട്ടെന്ന് വഴിതെറ്റുന്ന സ്ഥലമാണിത്.
കടുവയും പുലിയും കാട്ടാനയുമുള്‍പ്പെടെയുള്ള മേഖലയാണിത്. ഇവിടെ ഫോണിന് റേഞ്ച് ലഭിച്ചത് കൊണ്ട് യുവാക്കള്‍ നാട്ടിലെ കൂട്ടുകാരോട് വിവരം പറഞ്ഞിരുന്നു. ഇതിനിടെ വാഹനത്തില്‍നിന്ന് ലഭിച്ച രേഖയിലെ ഫോണ്‍ നമ്പര്‍ മുഖേന നാട്ടുകാരും വനംവകുപ്പ് അധികൃതരും യുവാക്കളുമായി സംസാരിച്ചിരുന്നു.
Content Highlights: Three youths trapped in Kallampara Mannarkkad rescued