മലയാളികളുടെ മാനം കളയരുതേ!, അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച് 'പരം സുന്ദരി'; ഹിറ്റടിക്കുമോ ചിത്രം?

സിനിമയുടെ ട്രെയിലറിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്

മലയാളികളുടെ മാനം കളയരുതേ!, അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ച് 'പരം സുന്ദരി'; ഹിറ്റടിക്കുമോ ചിത്രം?
dot image

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയ്ക്ക് കടുത്ത ട്രോളുകളാണ് റിലീസിന് മുൻപ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് ബുക്കിംഗ് സൂചിപ്പിക്കുന്നത്.

ഇതുവരെ 12,000 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. ആദ്യ ദിനം 10 കോടിയ്ക്കും മുകളിൽ സിനിമയ്ക്ക് നേടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ പത്ത് വർഷത്തിന് ശേഷം 10 കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടുന്ന സിദ്ധാർഥ് മൽഹോത്ര ചിത്രമായി പരം സുന്ദരി മാറും. 2015 ൽ പുറത്തിറങ്ങിയ ബ്രദേഴ്സ് എന്ന ആക്ഷൻ ചിത്രമാണ് സിദ്ധാർത്ഥിന്റെതായി ഇതിനുമുൻപ് വമ്പൻ ഓപ്പണിങ് നേടിയ ചിത്രം. 15.2 കോടിയാണ് അന്ന് സിനിമ ആദ്യ ദിനം വാരികൂട്ടിയത്. ഒരു പക്കാ റൊമാന്റിക് സിനിമയാകും 'പരം സുന്ദരി' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും.

സിനിമയുടെ ട്രെയിലറിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിക്കുന്നത്.

സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡേഞ്ചർ എന്നാരംഭിക്കുന്ന ഗാനത്തിനും വലിയ തോതിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ലഭിക്കുന്നത്. ഗാനത്തിലെ മലയാളം വരികൾക്കാണ് ട്രോളുകൾ നേരിടുന്നത്. 'ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങൾ എല്ലാം ഡേഞ്ചർ ആണല്ലോ' എന്ന മലയാളം വാരിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. എന്നാൽ ഇത് ഇതേ ഹിന്ദി അർത്ഥമുള്ള വരികളുടെ മോശം ട്രാൻസ്‌ലേഷൻ എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഇട്ടാണോ വരികൾ ഉണ്ടാക്കിയതെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. കേരളത്തിനെ പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യുമ്പോൾ അതിലെ ഗാനങ്ങൾ എഴുത്തുമായി ഒരു മലയാളി എഴുത്തുകാരനെപ്പോലെ കിട്ടിയില്ലേ എന്നാണ് മറ്റു കമന്റുകൾ.

Content Highlights: Param Sundari advance bookings openend

dot image
To advertise here,contact us
dot image