പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ജയിക്കും എന്നതാണ് പ്രശ്‌നം; ഷോണ്‍ ജോര്‍ജ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു.

dot image

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ജയിക്കും എന്നതാണ് കോണ്‍ഗ്രസ് പ്രശ്‌നമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാട് കണ്ടുപഠിക്കണമെന്ന് ഷോണ്‍ പരിഹസിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കയ്യിലുണ്ട്. രാജി വെച്ചേ തീരൂ, രാജിവെക്കും വരെ പ്രക്ഷോഭമുണ്ടാകുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

'രാഹുലിനെ എംഎല്‍എ എന്ന നിലയില്‍ ഒരൊറ്റ പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പ് പേടിയാണ്. വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് ഭയം. ജനങ്ങളെ നേരിടാന്‍ ഷാഫി പറമ്പിലിന് കഴിയില്ല. കോണ്‍ഗ്രസ് പാലക്കാടിന് തന്നത് ഒരു ചവറിനെയാണ്.'- സി കൃഷ്ണകുമാര്‍ പറഞ്ഞു. സിപിഐഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും പറഞ്ഞ കൃഷ്ണകുമാര്‍, എന്തുകൊണ്ട് രാഹുലിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ലെന്നും ചോദിച്ചു.

ഇന്ന് രാവിലെയാണ് ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ രാഹുല്‍ എംഎല്‍എയായി തുടരും. എത്ര കാലത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നത് വ്യക്തമല്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എയായി തുടരാനാവുന്ന തരത്തില്‍ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന്‍ പേരിന് സസ്പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.

Content Highlights: shone george said said that the Congress's problem is that the BJP will win if the Palakkad by-election

dot image
To advertise here,contact us
dot image