
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പാർട്ടി തീരുമാനം പാർട്ടി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്. അത് കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും ബാധകമാണ്. കെപിസിസി അധ്യക്ഷൻ പറഞ്ഞതിന് മുകളിൽ താനൊന്നും പറയേണ്ടതില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതികളുടെ ആരോപണങ്ങളെ പ്രതിരോധിച്ചായിരുന്നു ഷാഫി പറമ്പില്‍ എംപി നേരത്തെ പ്രതികരിച്ചിരുന്നത്. രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ലെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നെങ്കില്‍ ധാർമ്മികതയെന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്ക്കരിക്കുമായിരുന്നു. പാര്‍ട്ടി സ്ഥാനം രാഹുല്‍ ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
ഇവിടെ ഒരു എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കുകയും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയന്‍ ആ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ആ പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ തീരുമാനമെടുത്തവര്‍ക്ക് എങ്ങനെ കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടാന്‍ സാധിക്കുമെന്നും ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
ലൈംഗിക ആരോപണത്തിന് പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും അദ്ദേഹം എംഎൽഎയായി തുടരും.രാഹുലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഔദ്യോഗികമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രഖ്യാപിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ കോൺഗ്രസ് പാർട്ടി ഗൗരവത്തിൽ കാണുന്നുവെന്നും വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്ക് കാത്തുനിൽക്കാതെ രാഹുൽ പാർട്ടി ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചു. രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതിൽ യാതൊരു യുക്തിയുമില്ലെന്നും ആ ആവശ്യം ഉന്നയിക്കാനുളള ധാർമികത അവർക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മാറ്റിനിർത്തുക എന്നത് നേതൃത്വം ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണെന്നും അദ്ദേഹത്തെ അക്കാര്യം അറിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
ഒരു രാഷ്ട്രീയപാർട്ടിക്ക് എടുക്കാൻപറ്റിയ ഏറ്റവും വലിയ തീരുമാനമാണ് രാഹുലിനെതിരായ നടപടിയിലൂടെ കോൺഗ്രസ് സ്വീകരിച്ചത് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരമൊരുസംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്രയും കർക്കശമായി നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുക്കുന്നത്. ഒരു പരാതിയും ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവും ഞങ്ങൾക്കാർക്കും തന്നിട്ടില്ല. എന്നിട്ടും ഇരുപത്തിനാല് മണിക്കൂറിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നും രാഹുൽ രാജിവെച്ചു. ശേഷം പാർട്ടി ഗൗരവതരമായി അക്കാര്യം പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി എന്നിട്ടാണ് പാർട്ടിയിൽനിന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്ത് മാറ്റി നിർത്താൻ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: party decision applies to everyone says Shafi Parambil