രാഹുലിനെതിരെ പരാതിയും തെളിവും ഇല്ലാതിരുന്നിട്ടും നടപടി; വിമർശിക്കുന്നവർക്ക് ലേശം ഉളുപ്പ് വേണം: വി ഡി സതീശൻ

ഒരു പരാതിയും ഇല്ലാതിരുന്നിട്ടും സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തതെന്ന് സതീശന്‍

dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയം പാർട്ടി ഗൗരവതരമായി പരിശോധിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ മാതൃകാപരമായ തീരുമാനമാണ് രാഹുലിനെതിരായ നടപടിയിലൂടെ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. കേരളത്തിൽ ഇത്തരമൊരുസംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്രയും കർക്കശമായി നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

രാഹുലിനെതിരെ തങ്ങളുടെ കൈവശം ഒരു പതാതിയുമില്ല. ഒരു തെളിവും തങ്ങൾക്കാരും നൽകിയിട്ടില്ല. എന്നിട്ടും ഇരുപത്തിനാല് മണിക്കൂറിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് രാഹുൽ രാജിവെച്ചു. ശേഷം പാർട്ടി ഗൗരവതരമായി അക്കാര്യം പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്ത് മാറ്റി നിർത്താൻ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെതിരായ നടപടി സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ് കാണിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു ഏതൊരു പാർട്ടിയേയും പോലെയല്ല കോൺഗ്രസ്. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള പ്രധാനപ്പെട്ട മുൻനിരയിൽ നിൽക്കുന്ന ആൾക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. രക്ഷപ്പെടുത്താൻ ഒരു ശ്രമവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒരു പരാതിയും ഇല്ലാതിരുന്നിട്ടും സ്ത്രീയുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. എല്ലാവരുമായി ആലോചിച്ചാണ് പ്രായോഗികമായി തീരുമാനമെടുത്തത്. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം തുടങ്ങിവെച്ചത് കേരളത്തിൽ സിപിഐഎമ്മാണ്. അവരാണ് ആ സംസ്‌കാരം വളർത്തിയത്. ഒരു സ്ത്രീ പോലും സൈബർ ഇടത്തിൽ ആക്രമിക്കപ്പെടരുത്. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ആക്രമിക്കുന്നത് മനോരോഗമാണ്. അത് അവസാനിപ്പിക്കണമെന്നതാണ് കോൺഗ്രസ് നിലപാടെന്നും സതീശൻ പറഞ്ഞു.

പീഡനക്കേസിലെ പ്രതിയാണ് സിപിഐഎമ്മിന്റെ എംഎൽഎയായി മന്ത്രിസഭയിൽ ഇരിക്കുന്നത്. പോക്‌സോ കേസ് പ്രതി ബിജെപിയുടെ ഉന്നത നേതൃത്വത്തിലുണ്ട്. ഇവർക്കൊന്നും കോൺഗ്രസ് എംഎൽഎയുടെ രാജി ആവശ്യപ്പെടാനുള്ള ധാർമികതയില്ല. തങ്ങളെ വിമർശിക്കുന്നവർക്ക് ലേശം ഉളുപ്പ് വേണമെന്നും സതീശന്‍ വ്യക്തമാക്കി.

Content Highlights: Action against Rahul Mamkootathil is an exemplary decision says VD Satheesan

dot image
To advertise here,contact us
dot image