വിവാദം യുഡിഎഫിനെ ബാധിക്കുമെന്ന് ആശങ്ക; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തിയില്‍

സാഹചര്യത്തിന്റെ വ്യാപ്തി മുസ് ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന

dot image

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തിയില്‍. ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണം എന്ന നിലപാടിലാണ്. വിവാദം യുഡിഎഫിനെ ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമെന്നും മുസ്‌ലിം ലീഗ് വിലയിരുത്തുന്നു. സാഹചര്യത്തിന്റെ വ്യാപ്തി മുസ് ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗവും വിലയിരുത്തുന്നത്. വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയതായാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെയ്ക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. പ്രതിപക്ഷ നേതാവും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം.

രാഹുലിനെ തള്ളുന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും സ്വീകരിച്ചത്. രാഹുലിനെതിരെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോ ഗൗരവതരമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വസ്തുത അന്വേഷിച്ച് ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കും. കുറ്റാരോപിതരെ പാര്‍ട്ടി രക്ഷിക്കില്ല. എന്നാല്‍ പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടണം. ഔദ്യോഗിക പരാതികള്‍ ആരും നല്‍കിയിട്ടില്ല. പാര്‍ട്ടി വിഷയം ഗൗരവത്തില്‍ കാണുന്നു. സദുദ്ദേശത്തോടെയാണ് രാഹുലിനെ പാലക്കാട് നിര്‍ത്തിയത്. ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരട്ടെ എന്നായിരുന്നു തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടയിലുള്ള പരാതികളൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളാണ്. പലര്‍ക്കും പല അസുഖങ്ങളുണ്ട്. അത് നമുക്ക് എല്ലാവര്‍ക്കും അറിയില്ല. രോഗം പുറത്തു വരുമ്പോഴേ അറിയൂ. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നമ്മുടെ രാഷ്ട്രീയ എതിരാളികള്‍ പോലും ഇങ്ങനെയൊരു സീന്‍ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യും. രാഹുലിന്റെ രാജിയില്‍ പാര്‍ട്ടി നയം സ്വീകരിക്കും. പാര്‍ട്ടി മാതൃകാപരമായ നിലപാട് സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോനകള്‍ നടക്കുന്നുവെന്നാണ് വിവരം. കെപിസിസി അധ്യക്ഷനുമായി മുതിര്‍ന്ന നേതാക്കള്‍ വിഷയം സംസാരിച്ചുവരികയാണ്. രാഹുലിന്റെ രാജിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടും നിര്‍ണായകമാണ്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒരു പരാതി കൂടി വന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസാണ് പരാതി നല്‍കിയത്. നാല് മാസം വളര്‍ച്ച എത്തിയ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി. അനുനയം വിജയിക്കാതെ വന്നപ്പോള്‍ ചവിട്ടിക്കൊല്ലാന്‍ അധിക സമയം വേണ്ടന്ന് പറഞ്ഞു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് മുന്‍പും പൊലീസില്‍ പരാതി പോയിരുന്നു. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയായിരുന്നു പരാതി ഉയര്‍ന്നത്. രാഹുല്‍ രണ്ട് സ്ത്രീകളെ ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതായാണ് വിവരം. വിവാഹവാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമുണ്ട്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights- Muslim league leaders approached highcommand over rahul mamkootathil controversy

dot image
To advertise here,contact us
dot image