പി കെ ശശിയെ ഞങ്ങള്‍ വെറുതെ വിട്ടില്ലല്ലോ; രാഹുലിനെ രാജിവെപ്പിക്കണം: പി കെ ശ്രീമതി

രാഹുലിനെതിരായ വിവാദത്തില്‍ പ്രതികരിച്ചതിന് തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പി കെ ശ്രീമതി

dot image

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗ്യനല്ലെന്നും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രാജിവെപ്പിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഏറ്റവും അപമാനം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അപമാനഭാരം കാരണമാണ് പെണ്‍കുട്ടി പരാതി നല്‍കാത്തത്. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നു. ഏത് വിധേനയും പെണ്‍കുട്ടികളെ വലയിലാക്കുക. എന്നിട്ട് വലിച്ചെറിയുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

ഇത്ര അസഭ്യമായ കേസ് കേരളത്തില്‍ ഉണ്ടായിട്ട് എന്തുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരുവാക്കുപോലും പ്രതികരിക്കാത്ത എഐസിസി നേതൃത്വം ദയനീയ പരാജയമാണ്. ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതികരിച്ചല്ലോ എന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. പാലക്കാട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ പാര്‍ട്ടി വെറുതെ വിട്ടില്ലല്ലോയെന്നും മുന്‍ മന്ത്രിയായിരുന്ന പി കെ ശ്രീമതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കി. എല്ലാത്തിലും അത്തരത്തില്‍ നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പി കെ ശ്രീമതി അവകാശപ്പെട്ടു.

രാഹുലിനെതിരായ വിവാദത്തില്‍ പ്രതികരിച്ചതിന് തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. എല്ലാത്തിലും ഇടപെടുന്ന ബല്‍റാമിന്റെ മനോഭാവം എന്താണെന്നാണ് താന്‍ ചോദിച്ചത്. അങ്ങനെ ചോദിച്ചപ്പോള്‍ ഇനി പറയാനുള്ള തെറിയൊന്നും ബാക്കിയില്ല. അവരുടെ അമ്മയോ അമ്മൂമ്മയോ ആകേണ്ട പ്രായമുള്ള തനിക്കെതിരെ വൃത്തികെട്ട പദപ്രയോഗം നടത്തി. വെട്ടുകിളിക്കൂട്ടം കൊണ്ട് തന്നെ ആക്രമിച്ചു നശിപ്പിക്കാന്‍ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ അതിന് വെച്ച വെള്ളം വാങ്ങിവെച്ചേര്. തനിക്കെതിരായ ആക്രമണത്തില്‍ കേസ് കൊടുത്ത് പ്രമുഖനായ ബിജെപി നേതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. തീവ്രത, തീവ്രത എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തീവ്രതയെന്ന വാക്ക് നിയമസഭയില്‍ ആരോ പറഞ്ഞതാണ്. തങ്ങളുടെ റിപ്പോട്ടില്‍ ഇല്ല. താന്‍ തീവ്രത എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പി കെ ശ്രീമതി വിശദീകരിച്ചു.

Content Highlights: Rahul Mamkootathil should resign P KSreemathy

dot image
To advertise here,contact us
dot image