
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുന്നത് സംബന്ധിച്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനം അഭിമാനിക്കാവുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍. ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ ഇത്ര വലിയ ഇവന്റ് നടന്നതായി അറില്ല. കേരളത്തിലെ ഓരോ ഫുട്ബോൾ ആരാധകരെയും സംബന്ധിച്ച് മെസി വരുമോയെന്ന ചോദ്യത്തിന് വിരാമമായി. വരും എന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടര്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. കേരളത്തിന്റെ വലിയ മാറ്റത്തിനായി ഒന്നിച്ചുനില്‍ക്കാമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി സ്റ്റ്യുഡിയോ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.
സര്‍ക്കാര്‍ വലിയ പ്രയത്‌നം ഇതിന് പിന്നില്‍ നടത്തിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഈ ഇവന്റോട് കൂടി കേരളത്തിലെ ടൂറിസം, സ്‌പോര്‍ട്‌സ് ചരിത്രം മാറ്റിക്കുറിക്കപ്പെടും. കേരളത്തിന്റെ വലിയ മാറ്റത്തിനായി ഒന്നിച്ചുനില്‍ക്കാം. സര്‍ക്കാരും റിപ്പോര്‍ട്ടറും വലിയ പദ്ധതിയാണ് തയ്യാറാക്കുന്നത്. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തില്‍ ടീം എത്തുക. ലോകത്തിലെ ഏറ്റവും വലിയ ഇവന്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കണമെന്നാണ് ആഗ്രഹം എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
വലിയ സാമ്പത്തിക ചെലവ് വരും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. മന്ത്രിയുമായും സര്‍ക്കാരുമായും ആലോചിച്ച് തീരുമാനത്തിലെത്തും. ആരാധകര്‍ക്ക് മെസിയെ കാണാന്‍ റിപ്പോര്‍ട്ടര്‍ അവസരം ഒരുക്കും. ആരാധകര്‍ക്ക് മെസിയെ കാണാനായില്ലെന്ന വിഷമം ഉണ്ടാകില്ല. എതിര്‍ടീമിനെ ഉടന്‍ അറിയാം. ചില ടീമുകള്‍ ഇങ്ങോട്ട് താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
മിനി ലോകകപ്പ് പോലെ പ്ലാന്‍ചെയ്യാനും ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടറിന്റെ മാത്രം ഇവന്റായി കാണരുത്. ഒരു സ്‌പോര്‍ടസ് ഇവന്റായി മാത്രം കാണണം. കേരളത്തിലും ഇന്ത്യയിലുമുളള മെസി ആരാധകരെ ഒരു കുടക്കീഴിലെത്തിക്കാനാണ് ശ്രമം. ഒരാഴ്ചയ്ക്കുളളില്‍ എതിരാളികളുടെ കാര്യത്തില്‍ തീരുമാനമാകും. ഇന്റര്‍നാഷണല്‍ മാച്ച് നടത്തണമെന്നാണ് ആഗ്രഹം. വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റക്കെട്ടായി വിജയിപ്പിക്കണം. കേരളത്തിലെ കായികരംഗം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തണം. ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ത്താനുള്ള ശ്രമം ഉണ്ടാകണം എന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
Content Highlights: Afa announcement about Messi visiting kerala is proud share Anto Augustine