ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്

dot image

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.

Lionel Messi and Team Argentina - World Cup 2022 Winner
2022ലെ ലോകകപ്പ് ജേതാക്കളായ അർജൻ്റീന ഫുട്ബോൾ ടീം

2024 സെപ്തംബര്‍ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് തങ്ങള്‍ക്കായി ആര്‍ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്‍ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.

ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ വിശദമായ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളവുമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും അന്ന് മന്ത്രി അറിയിച്ചിരുന്നു.

വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സര്‍മാരെ അന്വേഷിച്ചതോടെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സര്‍ ആയി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബര്‍ 20ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറില്‍ ഒപ്പിട്ടു.

എന്നാല്‍ 2025 മെയ് മാസത്തോടെ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയിരുന്നു. ഫിഫ പുറത്തുവിട്ട ഫുട്‌ബോള്‍ വിന്‍ഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങള്‍. അപ്പോഴും മെസി കേരളത്തിലേക്ക് വരുന്നതില്‍ തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. 'മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് വിവരങ്ങള്‍ പ്രഖ്യാപിക്കേണ്ടത്. അതിനിടയില്‍, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇതിന് പിന്നിലെ പ്രയത്നത്തെ ഇല്ലാതാക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

'അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി ലോകത്തിലെ മികച്ച മറ്റൊരു ടീമിനെ കൂടി എത്തിക്കേണ്ടതുണ്ട്. അവരുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. സര്‍ക്കാരും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും ചെയ്യേണ്ട കാര്യങ്ങള്‍ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്നില്ലെന്ന് അര്‍ജന്റീന ടീം തീരുമാനിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. മെസി വന്നാല്‍ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാല്‍ മെസി വരില്ലെന്ന് പ്രചരിപ്പിക്കാന്‍ വളരെ എളുപ്പമാണ്. ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കരുതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

ഒടുവില്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാര്‍ പ്രകാരം മെസി അടങ്ങുന്ന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് എഎഫ്എ. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പ് മത്സരം കൂടിയാകും തിരുവനന്തപുരത്തെ പോരാട്ടം.

Content Highlights: Lionel Messi will visit Kerala Argentine Football Association officially announces

dot image
To advertise here,contact us
dot image